ബോസ്നിയക്കെതിരെ സമനില ; ലോകകപ്പിൽ ആദ്യ പോയിന്റ് നേട്ടവുമായി കാനഡ

By :  Devina Das
Update: 2026-06-13 06:23 GMT

ടൊറന്റോ: ഫിഫ ലോകകപ്പ് ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തിൽ ബോസ്‌നിയക്കെതിരെ സമനില വഴങ്ങി കാനഡ. 79ആം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ കൈയ്ൽ ലാരിൻ ആണ് കാനഡയുടെ സമനില ഗോൾ നേടിയത്. 21ആം മിനിറ്റിൽ ജോവോ ലൂക്കിച്ചാണ് ബോസ്‌നിയയ്ക്കായി ഗോൾ സ്‌കോർ ചെയ്തത്. സമനിലയോടെ കാനഡ ലോകകപ്പ് ചരിത്രത്തിലെ ആദ്യ പോയിന്റ് നേടി. 1986ലെ മെക്‌സിക്കോ ലോകകപ്പിലും 2022 ലെ ഖത്തർ ലോകകപ്പിലുമാണ് കാനഡ കളിച്ചത്. രണ്ടു തവണയും മൂന്നു മത്സരങ്ങൾ വീതം തോറ്റ് ആകെ ആറു തോൽവിയാണ് ലോകകപ്പിൽ കാനഡയ്ക്കുണ്ടായത്.

ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഇറ്റലിയെ അട്ടിമറിച്ച് ലോകകപ്പിനെത്തിയ ബോസ്നിയ ആ മികവ് ആദ്യ മത്സരത്തിലും തുടർന്നു. മറുവശത്ത് പരിക്കേറ്റ ഫുൾബാക്ക് അൽഫോൺസോ ഡേവിസിന്റെ അഭാവം കാനഡയുടെ കളിയിൽ നിഴലിച്ചു. കളിയുടെ തുടക്കത്തിൽ ഇരു ടീമുകളും മികച്ച ആക്രമണങ്ങളുമായി കളംനിറഞ്ഞു കളിക്കുന്ന കാഴ്ചയായിരുന്നു. എന്നാൽ 10 മിനിറ്റിനു ശേഷം താളം കണ്ടെത്തിയ കാനഡ മികച്ച മുന്നേറ്റങ്ങൾ നടത്തി ബോസ്‌നിയയെ പ്രതിരോധത്തിലാക്കി. മികച്ച പ്രതിരോധവുമായി ബോസ്‌നിയയും കളംനിറഞ്ഞു. ജൊനാഥൻ ഡേവിഡും ടാനി ഒലുവസെയിയും ടയോൺ ബുക്കാനനുമെല്ലാം ആഞ്ഞു ശ്രമിച്ചിട്ടും ബോസ്‌നിയയുടെ പ്രതിരോധം ഭേദിക്കാനായില്ല.

മത്സരത്തിൽ 54 ശതമാനം പന്തടക്കവുമായി കാനഡ ഒപ്പം പിടിച്ചെങ്കിലും ഗോളടിക്കാനായില്ല. കോർണർ കിക്കിൽ സീഡ് കൊലാസിനാക് ഹെഡറിലൂടെ ഗോൾ മുഖത്തേക്ക് നൽകിയ പന്ത് ജോവോ ലൂക്കിച്ച് ഹെഡ് ചെയ്ത് വലയിൽ എത്തിക്കുകയായിരുന്നു. ആദ്യ പകുതിയിൽ ലഭിച്ച ഒരേയൊരു കോർണർ കിക്ക് അവസരം ബോസ്‌നിയ ഗോളാക്കി മാറ്റുകയായിരുന്നു.

രണ്ടാം പകുതിയിൽ ഇരു ടീമുകളും വാശിയോടെ കളം നിറഞ്ഞു. 50 മിനിറ്റിനു ശേഷം രണ്ട് അവസരങ്ങൾ ലഭിച്ചെങ്കിലും ഗോളാക്കാൻ കാനഡയ്ക്ക് കഴിഞ്ഞില്ല. 79ാം മിനിറ്റിൽ താനി ഒലുവസേയിയ്ക്ക് പകരക്കാരനായി ഇറങ്ങിയ കൈയ്ൽ ലാരിൻ രണ്ടാം മിനിറ്റിൽ കാനഡയ്ക്കായി ആശ്വാസ സമനില ഗോൾ നേടി.

Similar News