"ഗെറ്റ് സെറ്റ് ഗോൾ" ;ഫിഫ ലോകകപ്പിന് കിക്കോഫ് ,ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മിന്നും ജയം നേടി മെക്‌സിക്കോ
മെക്‌സിക്കോ സിറ്റി: രണ്ട് ഗോളുകളും മൂന്ന് റെഡ് കാർഡുകളും പിറന്ന 2026 ലോകകപ്പിലെ ആദ്യ മത്സരത്തിൽദക്ഷിണാഫ്രിക്കയ്‌ക്കെതിരെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് മെക്‌സിക്കോയ്ക്ക് മിന്നും വിജയം. ഒമ്പതാം മിനിറ്റിൽ യൂലിയൻ ക്വിനോനെസും 67-ാം മിനിറ്റിൽ റൗൾ ഹിമെനെസുമാണ് മെക്സിക്കോയ്ക്കായി സ്‌കോർ ചെയ്തത്.
മത്സരത്തിന്റെ നാലാം മിനിറ്റിൽ തന്നെ മെക്സിക്കോയുടെ ഗോൾ നേടാനുള്ള അവസരം ദക്ഷിണാഫ്രിക്കൻ ഗോൾകീപ്പർ റോൺവെൻ വില്യംസ് തട്ടിയകറ്റി. പിന്നീട് മത്സരത്തിന്റെ ഒൻപതാം മിനിറ്റിൽ യൂലിയൻ ക്വിനോനസിലൂടെ ലീഡ് നേടിയ മെക്‌സിക്കോ പിന്നീട് റൗൾ ജിമെനെസിന്റെ ഗോളിലൂടെ വിജയമുറപ്പിച്ചു. ദക്ഷിണാഫ്രിക്കൻ പ്രതിരോധനിരയുടെ പിഴവ് മുതലെടുത്താണ് ക്വിനോനസ് മെക്‌സിക്കോയ്ക്കായി ആദ്യ ഗോൾ നേടിയത്.
തുടർന്ന് 67-ാം മിനിറ്റിൽ റൗൾ ജിമെനെസ് വലകുലുക്കിയതോടെ മെക്‌സിക്കോയുടെ ലീഡ് ഉയർത്തി. തുടക്കം മുതൽ മെക്‌സിക്കൻ തിരമാല സൗത്ത് ആഫ്രിക്കൻ ഗോൾ മുഖത്തേക്ക് അടിച്ചുകയറി. ദക്ഷിണാഫ്രിക്കൻ ഗോൾമുഖം ആക്രമിക്കുക എന്നത് മാത്രമായിരുന്നു മത്സരത്തിലുടനീളം മെക്സിക്കോയുടെ ലക്ഷ്യം. മത്സരത്തിന്റെ 42-ാം മിനിറ്റിൽ മെക്‌സിക്കോയ്ക്ക് ലഭിച്ച തുടർച്ചയായ രണ്ട് മികച്ച ഗോൾ അവസരങ്ങൾ ദക്ഷിണാഫ്രിക്കൻ ഗോൾകീപ്പർ തടഞ്ഞു നിർത്തി.
മത്സരത്തിൽ ദക്ഷിണാഫ്രിക്കൻ താരങ്ങളായ സിത്തോളെയും തെംബ സാനെയും മെക്സിക്കോ താരം സെസാർ മൊണ്ടെസും റെഡ് കാർഡ് കണ്ടു. രണ്ടാം പകുതിയിൽ ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയായി 49-ാം മിനിറ്റിൽ സ്‌ഫെഫെലോ സിത്തോളിന് റെഡ് കാർഡ് ലഭിച്ചു. മെക്‌സിക്കോ താരം ബ്രയാൻ ഗുട്ടറസിനെ വീഴ്ത്തിയതിനാണ് റഫറി പുറത്താക്കിയത്. 84-ാം മിനിറ്റിൽ റഫറിക്ക് അടുത്ത ചുവപ്പ് കാർഡും പുറത്തെടുക്കേണ്ടി വന്നു. ഇത്തവണ ദക്ഷിണാഫ്രിക്കയുടെ തെംബ സ്വാനെയ്ക്കാണ് പുറത്തേക്കുള്ള വഴി തെളിഞ്ഞത്. കളി അവസാനിക്കാൻ പോകുന്നുവെന്ന ഘട്ടത്തിലാണ് മെക്‌സിക്കോ താരം അനാവശ്യമായ ഫൗൾ പുറത്തെടുത്തത്. ആശ്വാസ ഗോൾ കണ്ടെത്താനായി ആവുംവിധം ശ്രമിക്കുന്നതിനിടെ ദക്ഷിണാഫ്രിക്കൻ താരത്തിന് നേർക്ക് സെസാർ മോണ്ടസ് മാരകമായ ഫൗൾ പുറത്തെടുത്തു. മെക്‌സിക്കൻ താരങ്ങളുടെ പ്രതിഷേധങ്ങൾക്ക് വഴങ്ങാതെ റഫറി റെഡ് കാർഡ്
നൽകി. 4-1-2-3 ഫോർമേഷനിലായിരുന്നു മെക്‌സിക്കോ കളത്തിലിറങ്ങിയത്. മറുവശത്ത് ദക്ഷിണാഫ്രിക്ക 5-3-2 ശൈലിയിലാണ് ടീമിനെ അണിനിരത്തിയത്. ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ മെക്‌സിക്കോയ്ക്ക് തോൽവിയാണ് പതിവ്. മുൻപ് ഏഴു തവണ ഉദ്ഘാടന മത്സരത്തിന് ഇറങ്ങിയപ്പോൾ അഞ്ചിലും തോൽവി, രണ്ടെണ്ണം സമനിലയിലും. ഇത്തവണ ആ പതിവ് തെറ്റിച്ചാണ് ടീമിന്റെ വിജയ തുടക്കം.