ആരെയും അതിശയിപ്പിക്കുന്ന അഭിനയ ചാരുതയുള്ള ആ അത്ഭുത ബാലിക;കുഞ്ഞു വെള്ളിനക്ഷത്രം തരുണിയുടെ ഓർമകളിൽ വിനയൻ
കൊച്ചി: മലയാള സിനിമയിലെ എക്കാലത്തെയും പ്രിയപ്പെട്ട ബാലതാരങ്ങളിൽ ഒരാളായിരുന്നു തരുണിസച്ച്ദേവ്.
പൃഥ്വിരാജിനെ നായകനാക്കി വിനയൻ സംവിധാനം ചെയ്ത ഹൊറർ കോമഡി സിനിമ വെള്ളിനക്ഷത്രത്തിൽ പ്രധാന വേഷത്തിലെത്തിയാണ് തരുണി മലയാളി പ്രേക്ഷകരുടെ മനംകവർന്നത് .
എന്നാൽ 14 വയസ്സിൽ, 2012– ൽ നേപ്പാളിൽ വച്ചുണ്ടായ ഹെലിക്കോപ്റ്റർ അപകടത്തിൽ തരുണി മരണപ്പെട്ടു.ഇപ്പോഴിതാ തരുണിയെകുറിച്ചുള്ള
ഹൃദയസ്പർശിയായ ഓർമ്മകൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് സംവിധായകൻ വിനയൻ. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് 'വെള്ളിനക്ഷത്രം' എന്ന ചിത്രത്തിലെ കുട്ടി തരുണിക്കൊപ്പമുള്ള ചിത്രം വിനയൻ പങ്കുവെച്ചത്.
പൃഥ്വിരാജിന്റെ മകളായി അഭിനയിച്ച തരുണിയുടെ അഭിനയ ചാരുത ആരെയും അതിശയിപ്പിക്കുന്നതായിരുന്നുവെന്ന് അദ്ദേഹം കുറിച്ചു.
‘നാലു വയസ്സുള്ളപ്പോഴാണ് തരുണി മോൾ ‘വെള്ളിനക്ഷത്രം’ എന്ന എന്റെ സിനിമയിൽ അഭിനയിക്കുന്നത്.
ആ വർഷം തന്നെ ‘സത്യ’ത്തിലും തരുണി അഭിനയിച്ചു... രണ്ടിലും പൃഥ്വിരാജായിരുന്നു നായകൻ... ആരെയും അതിശയിപ്പിക്കുന്ന അഭിനയ ചാരുതയുള്ള ആ അത്ഭുത ബാലിക 14 വയസ്സുള്ളപ്പോൾ 2012ൽ നേപ്പാളിൽ വച്ചുണ്ടായ ഹെലിക്കോപ്റ്റർ അപകടത്തിൽ അമ്മ ഗീതയോടൊപ്പം മരണപ്പെട്ടു’.– വിനയൻ കുറിച്ചു.
2012 മേയ് 14-ന് തന്റെ പതിനാലാം ജന്മദിനത്തിലാണ് തരുണിയെയും അമ്മ ഗീതയെയും മരണം തട്ടിയെടുത്തത്. നേപ്പാളിലെ പൊഖാറയിൽ വെച്ചുണ്ടായ അഗ്നി എയർ വിമാനാപകടത്തിലാണ് ഇരുവർക്കും ജീവൻ നഷ്ടപ്പെട്ടത്.
തമിഴ് ചിത്രം 'വെട്രി സെൽവൻ' ആണ് തരുണി അവസാനമായി അഭിനയിച്ച ചിത്രം.