മൈ നമ്പർ ഈസ് 2255 ; വാശിയേറിയ ലേലത്തിനൊടുവിൽ പുത്തൻ വാഹനത്തിനായി 2255 നമ്പർ സ്വന്തമാക്കി മോഹൻലാൽ

By :  Devina Das
Update: 2026-01-13 08:59 GMT

കൊച്ചി: 'രാജാവിന്റെ മകനി'ലെ വിൻസെന്റ് ​ഗോമസിനെയും അദ്ദേഹത്തിന്റെ ഫോൺ നമ്പറും മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയില്ല.

2255 എന്ന ആ നമ്പർ അത്രത്തോളം മലയാളി മനസുകളിൽ പതിഞ്ഞിരിക്കുന്നു.

പുതിയ വാഹനത്തിന് വേണ്ടി 2255 എന്ന നമ്പര്‍ ലേലത്തില്‍ പിടിച്ചതോടെ ആ ചിത്രത്തിന് തന്റെ ജീവിതത്തിലുള്ള സ്ഥാനം ഒന്നു കൂടി ഊട്ടി ഉറപ്പിക്കുകയാണ് ലാലേട്ടനിപ്പോൾ.

തിങ്കളാഴ്ച എറണാകുളം ആർടി ഓഫീസിൽ നടന്ന ലേലത്തിൽ ഫാൻസി നമ്പറായ കെഎൽ07 ഡിജെ 2255 എന്ന നമ്പറിനായി 1.80 ലക്ഷം രൂപയാണ് മോഹന്‍ലാല്‍ മുടക്കിയിരിക്കുന്നത്.

33 ലക്ഷം രൂപ വിലയുള്ള ടൊയോറ്റ ഇന്നോവ ഹൈക്രോസ് കാറിന് വേണ്ടിയാണ് പുതിയ നമ്പർ.

ഓണ്‍ലൈനായി നടന്ന ലേലത്തില്‍ മോഹന്‍ലാല്‍ ഉള്‍പ്പെടെ മൂന്ന് പേരായിരുന്നു ഡിജെ 2255 എന്ന നമ്പറിനായി രംഗത്തുണ്ടായിരുന്നത്.

എറണാകുളം ജോയിന്റ് ആർടിഒ സിഡി അരുണിന്റെ നേതൃത്വത്തിലായിരുന്നു ലേലം. പതിനായിരം രൂപ അടിസ്ഥാന നിരക്കിട്ടാണ് ലേലം തുടങ്ങിയത്.

1.45 ലക്ഷത്തിലേക്ക് എത്തിയതോടെ മോഹന്‍ലാലിന് വേണ്ടി ലേലത്തില്‍ പങ്കെടുത്ത പ്രതിനിധി ഒറ്റയടിക്ക് 1.80 ലക്ഷം വിളിച്ചു.

ഇതോടെ എതിരാളികള്‍ പിന്മാറി. 5000 രൂപ അടച്ച് മോഹന്‍ലാല്‍ നേരത്തെ തന്നെ നമ്പർ ബുക്ക് ചെയ്തിരുന്നു.താരത്തിന് പുറമെ രണ്ടു പേർ കൂടെ 2255 എന്ന നമ്പറിനായി രംഗത്ത് വന്നതോടെയാണ് ലേലത്തിലേക്ക് പോകാന്‍ മോട്ടോർ വാഹന വകുപ്പ് തീരുമാനിക്കുന്നത്.

കഴി‍ഞ്ഞ വർഷം കെഎൽ 07 ഡിഎച്ച് 2255 എന്ന നമ്പർ മോഹൻലാലിന്റെ സന്തതസഹചാരിയും നിർമാതാവുമായ ആന്റണി പെരുമ്പാവൂർ സ്വന്തമാക്കിയിരുന്നു.

Similar News