സന്മനസ്സുള്ള ശ്രീനി;അന്തരിച്ച നടൻ ശ്രീനിവാസന് അഞ്ജലിയർപ്പിച്ചു നിയമസഭ രാജ്യാന്തരപുസ്തകോത്സവം
അന്തരിച്ച നടൻ ശ്രീനിവാസന് അഞ്ജലിയർപ്പിച്ചു നിയമസഭ രാജ്യാന്തരപുസ്തകോത്സവം.
സന്മനസ്സുള്ള ശ്രീനി എന്ന പേരിൽ സംഘടിപ്പിച്ച സെക്ഷനിൽ ശ്രീനിവാസന്റെ ഓർമ്മകളുമായി മന്ത്രി കെ.ബി.ഗണേഷ്‌കുമാർ, സംവിധായകരായ പ്രിയദർശൻ, കമൽ, നടനും ചലച്ചിത്രഅക്കാദമി മുൻ വൈസ് ചെയർമാനുമായ പ്രേംകുമാർ, സംവിധായകനും ശ്രീനിവാസന്റെ ബന്ധുവുമായ എം.മോഹനൻ എന്നിവരും ഓർമ്മകൾ പങ്കുവച്ചു.
പ്രിയന്റെ ഓടരുതമ്മാവാ ആളറിയാം എന്ന സിനിമയുടെ സെറ്റിലാണ് ശ്രീനിയെ പരിചയപ്പെട്ടതെന്നു ഗണേഷ്‌കുമാർ പറഞ്ഞു.
ജനറേറ്റിന്റെ ശബ്ദം കേട്ടാലേ തനിക്ക് എഴുതാൻ കഴിയൂവെന്ന് പറഞ്ഞ് അതിനടുത്തു പോയിരുന്നു എഴുതുന്ന ശ്രീനിയെ ഓർമ്മയുണ്ടെന്നു മന്ത്രി പറഞ്ഞു.
അന്നത്തെ നായകസങ്കൽപ്പങ്ങൾക്കു ചേരാത്ത രൂപവുമായി മദ്രാസ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അഭിനയം പഠിക്കാൻ പോയ ശ്രീനിവാസനാണ് പ്രിയന്റെ ഓർമ്മയിൽ നിറഞ്ഞു നിന്നത്.
പരിഹാസം നേർത്ത നർമ്മത്തിലൂടെ പറയുന്നതാണ് ശ്രീനിയുടെ സ്വഭാവം.
സഞ്ജയനും കുഞ്ചൻ നമ്പ്യാരും വീണ്ടും ജനിച്ചതാണു ശ്രീനിവാസനെന്നും പ്രിയൻ പറഞ്ഞു.
പത്രങ്ങളെല്ലാം അരിച്ചുപെറുക്കി വായിക്കുന്ന ശീലം ശ്രീനിവാസന് ഉണ്ടായിരുന്നെന്നു കമൽ പറഞ്ഞു.
മലയാളി മാധ്യമ പ്രവർത്തകനുവേണ്ടി ലേഖനങ്ങൾ എഴുതിക്കൊടുത്തിരുന്നു.
ജീവിതത്തെയും ലോകത്തെയും മനുഷ്യരെയും മറ്റൊരു തരത്തിൽ വീക്ഷിക്കുന്ന പ്രതിഭയായിരുന്നു ശ്രീനിവാസനെന്നു പ്രേം കുമാർ പറഞ്ഞു.