സ്മൈൽ പ്ലീസ്;യേശുദാസിന് പിറന്നാൾ ആശംസകൾ നേർന്ന് മമ്മൂട്ടി
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ഗായകനാണ് യേശുദാസ്. പ്രിയഗായകന്റെ 86-ാം പിറന്നാൾ ആണിന്ന്.
അദ്ദേഹത്തിന് പിറന്നാൾ ആശംസകൾ നേരുകയാണ് സംഗീത ലോകവും സിനിമാ ലോകവും.
കഴിഞ്ഞ ആറര പതിറ്റാണ്ടിലേറെയായി മലയാളിയുടെ പുലരികളെയും സന്ധ്യകളെയും സംഗീത സാന്ദ്രമാക്കുന്നത് യേശുദാസിന്റെ ശബ്ദമാണ്.
നടൻ മമ്മൂട്ടിയും യേശുദാസിന് പിറന്നാൾ ആശംസകൾ നേർന്നിരുന്നു. യേശുദാസിനൊപ്പമുള്ള അതിമനോഹരമായ ഒരു ഫോട്ടോ പങ്കുവച്ചു കൊണ്ടായിരുന്നു മമ്മൂട്ടിയുടെ ആശംസ.
'പ്രിയപ്പെട്ട ദാസേട്ടന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ'.- എന്നാണ് ഫോട്ടോയ്ക്കൊപ്പം മമ്മൂട്ടി കുറിച്ചിരിക്കുന്നത്. യേശുദാസിന്റെ പാട്ടുകൾ ഒരിക്കലെങ്കിലും മൂളാത്തവരോ കേൾക്കാത്തവരോ ഉണ്ടാകില്ല.
45,000 ത്തിലേറെ സിനിമാ പാട്ടുകൾ ഇതിനോടകം യേശുദാസ് ആലപിച്ചിട്ടുണ്ട്. നമ്മുടെ നിത്യജീവിതവുമായി ഇഴചേർന്നിരിക്കുന്നു യേശുദാസിന്റെ സംഗീതം.
1961ൽ ‘കാൽപ്പാടുകൾ’ എന്ന സിനിമയ്ക്കായാണ് യേശുദാസിന്റെ സ്വരം ആദ്യമായി റെക്കോഡ് ചെയ്യപ്പെട്ടത്. 1940 ജനുവരി 10ന് ഫോർട്ട് കൊച്ചിയിലാണ് യേശുദാസിന്റെ ജനനം.
പ്രസിദ്ധ സംഗീതജ്ഞനും നാടക നടനുമായിരുന്ന അഗസ്റ്റിൻ ജോസഫ് ഭാഗവതരുടെയും എലിസബത്തിന്റെയും മകനായാണ് യേശുദാസ് ജനിച്ചത്.
ഈ ദമ്പതികളുടെ ഏഴ് മക്കളിൽ രണ്ടാമനായിരുന്നു യേശുദാസ്. അദ്ദേഹം സംഗീത ലോകത്തിന് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച് രാജ്യം പത്മശ്രീ (1977), പത്മഭൂഷൺ (2002), പത്മവിഭൂഷൺ (2017) എന്നിവ നൽകി ആദരിച്ചിട്ടുണ്ട്.
8 തവണ മികച്ച പിന്നണി ഗായകനുള്ള ദേശീയ പുരസ്‌കാരവും 24 തവണ കേരള സംസ്ഥാന അവാർഡും അദ്ദേഹത്തെ തേടിയെത്തി.
അമേരിക്കയിലെ ഫ്ലോറിഡയിൽ കുടുംബത്തോടൊപ്പം വിശ്രമജീവിതം നയിക്കുമ്പോഴും സംഗീതാർച്ചനയ്ക്കായി അദ്ദേഹം ഇന്നും സമയം കണ്ടെത്തുന്നു.
സംഗീതമുള്ളിടത്തോളം കാലം “ദാസേട്ടൻ” ഓരോ മലയാളിയുടെയും സ്വകാര്യ അഹങ്കാരമായി തന്നെ നിലനിൽക്കും.