അച്ഛനെ മറവിരോഗം ബാധിച്ചപ്പോൾ ഒരു കൊച്ചുകുട്ടിയെപ്പോലെ പരിചരിച്ച എന്റെ അമ്മ;മോഹൻലാൽ
തന്നെ താനാക്കിയ, ലോകത്ത് മറ്റാരേക്കാളും തന്നെ സ്‌നേഹിച്ചിരുന്ന അമ്മയുടെ വേർപാടിന്റെ വേദനയിലാണ് മോഹൻലാൽ ഇന്ന്.
എത്ര വലിയ തിരക്കാണെങ്കിലും അമ്മയുടെ അടുത്തെത്താൻ അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. മരണം വരെ അമ്മയെ പരിചരിക്കുന്നതിൽ അതിയായി ശ്രദ്ധിച്ചിരുന്നു അദ്ദേഹം.
അമ്മയെ കുറിച്ച് അദ്ദേഹം മുൻപ് ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമായിരിക്കുന്നത് .
അച്ഛന് മറവി രോഗം വന്നപ്പോൾ ആദ്യം അത് തിരിച്ചറിഞ്ഞത് അമ്മയാണ്.
അന്നത്തെ കാലത്ത് മറവി രോഗം വന്നവരെ വീടിന് പുറത്ത് കൊണ്ടു പോകാൻ പോലും തയ്യാറാകുമായിരുന്നില്ല.
എങ്ങനെ കൈകാര്യം ചെയ്യണമെന്നു പോലും അറിയില്ല.
എന്നാൽ അക്കാലത്തും അമ്മ അച്ഛനെ കല്യാണങ്ങൾക്കും ആഘോഷങ്ങൾക്കും കൈ പിടിച്ചു കൊണ്ടു പോകുമായിരുന്നുവെന്ന് മോഹൻലാൽ ഓർക്കുന്നുണ്ട്.
മറവി രോഗം കാരണം ഓർമകൾ നഷ്ടമാകുന്ന അച്ഛന് ഒരു കുട്ടിയോടെന്ന പോലെ ഓരോ കാര്യങ്ങളും വീണ്ടും വീണ്ടും പറഞ്ഞു കൊടുക്കുകയും ചോറുരുള വാരി കൊടുക്കുകയും ചെയ്യുന്ന അമ്മയേയും മോഹൻലാൽ ആ കുറിപ്പിൽ വരച്ചിടുന്നുണ്ട്.
അമ്മയും താനും ചേർന്നാണ് തന്റെ സിനിമ കാണാൻ അച്ഛന്റെ കൈ പിടിച്ചു കൊണ്ടുപോയത്.
അച്ഛന് തന്നെ തിരിച്ചറിയാൻ കഴിയുമോ എന്ന് പോലും അറിയില്ലായിരുന്നു.
എങ്കിലും അത് അമ്മയ്ക്ക് വലിയ സന്തോഷം നൽകിയ കാര്യമായിരുന്നുവെന്നും മോഹൻലാൽ പറയുന്നുണ്ട്.
''അമ്മയുടെ ഒരു കൈ അച്ഛന്റെ കൈ പിടിച്ചിരിക്കുന്നതു തിയറ്ററിലെ ഇരുട്ടിലും ഞാൻ കണ്ടു. കല്യാണം കഴിച്ച കാലത്തെന്നപോലെ അമ്മ അച്ഛനോടൊപ്പമിരുന്ന് ആ സിനിമ കണ്ടു.
ഓരോന്നും പറഞ്ഞു കൊടുത്തു. ഇതൊന്നും ഒരു ഡോക്ടറും പറഞ്ഞു കൊടുത്തു ചെയ്യിച്ചതല്ല. അമ്മയ്ക്ക് എല്ലാം അറിയാമായിരുന്നു.
ആരാണിതെല്ലാം അമ്മയെ പഠിപ്പിച്ചത് ? ഒരമ്മയെയും ആരും ഒന്നും പഠിപ്പിക്കേണ്ട... അതാണ് അമ്മ'' എന്നു പറഞ്ഞാണ് മോഹൻലാൽ കുറിപ്പ് അവസാനിപ്പിക്കുന്നത്.