മോനേ ആഞ്ചലോ...ഞാൻ മമ്മൂട്ടിയാണ്..ആഞ്ചലോയെ ശബ്ദത്തിന്റെ ലോകത്തേക്ക് കൈപിടിച്ച് മമ്മൂട്ടി
'മോനേ ആഞ്ചലോ.. മോനേ ആഞ്ചലോ...ഞാൻ മമ്മൂട്ടിയാണ്... ആഞ്ചലോയെ തേടി ഈ ശബ്ദമെത്തിയപ്പോൾ ആദ്യം അമ്പരപ്പാണുണ്ടായത്, പിന്നെ സന്തോഷവും. അവൻ ജീവിതത്തിലാദ്യമായി ഒരു മനുഷ്യശബ്ദം കേൾക്കുകയായിരുന്നു. അതും അവന് പുതിയൊരു ലോകം സമ്മാനിച്ചയാളുടെ."മോനേ ആഞ്ചലോ.. മോനേ ആഞ്ചലോ...നിന്റെ പേര് ആരും വിളിക്കുന്നത് നീ കേട്ടിട്ടില്ലല്ലോ... ഞാൻ മമ്മൂട്ടിയാണ്. ഞാനാണ് വിളിക്കുന്നത്. സിനിമയിലൊക്കെ അഭിനയിക്കുന്ന മമ്മൂട്ടി. നീ ടിവിയിലൊക്കെ കണ്ടിട്ടില്ലേ മമ്മൂട്ടി. ആ മമ്മൂക്കയാണ് ഞാൻ. ഇപ്പോൾ നിനക്ക് നല്ലവണ്ണം കേൾക്കാമല്ലോ. നല്ലോണം പഠിച്ച് അച്ഛനെയും അമ്മയെയുമൊക്കെ സ്നേഹിച്ച് എല്ലാവർക്കും വേണ്ടി ഒരു നല്ല കുട്ടിയായി വളരുക കേട്ടോ. സന്തോഷം. എല്ലാവിധ ആശംസകളും". - മമ്മൂട്ടി ആഞ്ചലോയോട് പറഞ്ഞു.
ഇടുക്കി ചെമ്മണ്ണാർ സ്വദേശികളായ ജെയ്സൺ- ആൻഷാ ദമ്പതികളുടെ നാല് വയസുകാരനായ മകൻ ആഞ്ചലോയ്ക്ക് ഇത് പുതിയ ലോകമാണ്. ജനനം മുതൽ കേൾവിയില്ലാതെ നിശബ്ദതയുടെ തടവറയിലായിരുന്ന ഈ കുഞ്ഞിന് മോചനമേകിയത് മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനും ആലുവ രാജഗിരി ആശുപത്രിയും സംയുക്തമായി നടപ്പിലാക്കുന്ന 'കാതോട് കാതോരം' പദ്ധതിയാണ്.ഒരു സാധാരണ കർഷകനായ ജെയ്സണ് മകന് കേൾവിശക്തി കിട്ടുന്നതിനുള്ള കോക്ലിയർ ഇംപ്ലാന്റേഷൻ ചികിത്സയ്ക്കായി വേണ്ടിവരുന്ന 12 ലക്ഷത്തോളം രൂപ കണ്ടെത്തുക അസാധ്യമായിരുന്നു. മകന്റെ ഭാവിയെച്ചൊല്ലിയുള്ള ആ കുടുംബത്തിന്റെ സങ്കടത്തിന് വിരാമമായത് ബന്ധു വഴി ആഞ്ചലോയുടെ മാതാവ് ആൻഷാ 'കാതോട് കാതോരം' പദ്ധതിയെക്കുറിച്ച് അറിഞ്ഞതോടെയാണ്.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് കോക്ലിയർ ഇംപ്ലാന്റേഷൻ ശസ്ത്രക്രിയയിലൂടെ കേൾവി ശക്തി തിരികെ നൽകുന്നതിനായി മമ്മൂട്ടി മുൻകൈ എടുത്ത് ആരംഭിച്ച പദ്ധതി, ആഞ്ചലോയ്ക്കും കരുതലായി മാറി. രാജഗിരിയിൽ ശസ്ത്രക്രിയ കഴിഞ്ഞ് സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചപ്പോഴാണ് ആഞ്ചലോ ആദ്യമായി പുറംലോകത്തെ ശബ്ദങ്ങൾ കേട്ടുതുടങ്ങിയത്.
ആ സുപ്രധാന നിമിഷത്തിലാണ് പ്രിയതാരം മമ്മൂട്ടി വാത്സല്യം കലർന്ന വാക്കുകളിലൂടെ ആഞ്ചലോയെ ഈ ലോകത്തെ മനോഹരമായ ശബ്ദങ്ങളിലേക്ക് വരവേറ്റത്. രാജഗിരി ആശുപത്രിയിലെ ഇഎൻടി, ഹെഡ് ആൻഡ് നെക്ക് സർജറി വിഭാഗം മേധാവി ഡോ രാജേഷ് രാജു ജോർജിന്റെ നേതൃത്വത്തിലാണ് കോക്ലിയാർ ഇംപ്ലാന്റേഷൻ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്.ഇംപ്ലാന്റ് സർജൻ ഡോ സജിത്ത് അബ്രാഹാം, ഡോ ജിത്തു സക്കറിയ, അനസ്‌തേഷ്യ വിഭാഗം മേധാവി ഡോ ജോജി ആന്റണി, പിഐസിയു വിഭാഗം മേധാവി ഡോ സൗമ്യ മേരി തോമസ്, ഇംപ്ലാന്റ് കോർഡിനേറ്റർ എൽജി എം മാത്യു, സീനിയർ ഓഡിയോളജിസ്റ്റ് അബിൻ ലാസർ, സീനിയർ തെറാപ്പിസ്റ്റ് സാറ പോൾ എന്നിവർ ചികിത്സയിൽ പങ്കാളികളായി.ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായെങ്കിലും ആഞ്ചലോയുടെ യാത്ര ഇവിടെ അവസാനിക്കുന്നില്ല. ഇനി മാസങ്ങൾ നീളുന്ന സ്പീച്ച് തെറാപ്പിയിലൂടെയും മറ്റ് പരിശീലനങ്ങളുടേയും സഹായത്തോടെ വേണം സംസാരശേഷി വീണ്ടെടുക്കാൻ.