പ്രിയപ്പെട്ട ശേഖര്‍, നിനക്കെന്‍റെ ആയിരം ആദരാഞ്ജലികള്‍; കെ ശേഖറിന്റെ ഓർമകളെ അനുസ്മരിച്ച് പ്രിയദർശൻ
അന്തരിച്ച കലാസംവിധായകൻ കെ ശേഖറിന്റെ ഓർമകളെ അനുസ്മരിച്ച് സംവിധായകൻ പ്രിയദർശൻ.
കോളജ് പഠനകാലത്ത് താൻ കണ്ട ഏറ്റവും ബുദ്ധിമാനും തന്നെ സിനിമയിലേക്ക് കൊണ്ടുവരാൻ ഏറ്റവും പ്രചോദനം നൽകിയ സുഹൃത്തുമായിരുന്നു ശേഖറെന്ന് പ്രിയദർശൻ ഫെയ്സ്ബുക്കിൽ കുറിച്ചു.
എഐയും അനിമേഷനും ഒക്കെ വരുന്നതിനു മുൻപ് മൈ ഡിയർ കുട്ടിച്ചാത്തൻ എന്ന സിനിമയിൽ അത്ഭുതകരമായ ആർട്ട് ഡയറക്ഷൻ ചെയ്ത് ഇന്ത്യയെ മുഴുവൻ ഞെട്ടിച്ചത് നീയാണ്.
പിന്നെ നീ സിനിമയിൽ നിന്ന് മാറി സഞ്ചരിച്ചു.
ഇഷ്ട വഴികളിലൂടെ സ്വന്തം ഇഷ്ടം പോലെ നടക്കുന്നതായിരുന്നല്ലോ നിൻറെ ശീലമെന്നും പ്രിയദർശൻ ഉറ്റ സുഹൃത്തിനെ ഓർത്ത് ഫെയ്സ്ബുക്കിൽ കുറിച്ചു.
പ്രിയദർശന്റെ ഫെയ്സ്ബുക്ക് കുറിപ്പ്
പ്രിയപ്പെട്ട ശേഖര്‍, നിനക്കെന്‍റെ ആയിരം ആദരാഞ്ജലികള്‍.
കോളേജ് പഠനകാലത്ത് ഞാന്‍ കണ്ട ഏറ്റവും ബുദ്ധിമാനും എന്നെ സിനിമയിലേക്ക് കൊണ്ടുവരാന്‍ ഏറ്റവും പ്രചോദനം നല്‍കിയ സുഹൃത്തുമായിരുന്നു നീ.
സിനിമയുടെ ലോകത്തേക്ക് നിന്നെ വലിച്ചിഴച്ചത് ഞാനാണ്.
AI യും ആനിമേഷനും ഒക്കെ വരുന്നതിനു മുമ്പ്, മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന സിനിമയില്‍ അത്ഭുതകരമായ ആര്‍ട്ട് ഡയറക്ഷന്‍ ചെയ്ത് ഇന്ത്യയെ മുഴുവന്‍ ഞെട്ടിച്ചത് നീയാണ്.
പിന്നെ നീ സിനിമയില്‍ നിന്ന് മാറി സഞ്ചരിച്ചു.
ഇഷ്ടവഴികളിലൂടെ സ്വന്തം ഇഷ്ടം പോലെ നടക്കുന്നതായിരുന്നല്ലോ നിന്‍റെ ശീലം.
നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് എന്ന ചിത്രത്തിനുശേഷം നീ സിനിമ വേണ്ടെന്നുവെച്ചു.
ഇന്ത്യ കണ്ട ഏറ്റവും വലിയ കലാസംവിധായകനായിരുന്നു ശേഖര്‍.
വിപ്ലവകരമായ പ്രൊഡക്ഷന്‍ ഡിസൈനിലൂടെ ദൃശ്യവിസ്മയം തീര്‍ത്ത മഹാകലാകാരന്‍. ഒരിക്കല്‍ കൂടി നിനക്കെന്‍റെ പ്രണാമം.