ദിലീപ് ശങ്കറിന്റെ ഓർമ്മകളിൽ ഹൃദയഹാരിയായ കുറിപ്പുമായി മകൾ ദേവ
സീരിയലുകളിലൂടേയും സിനിമകളിലൂടേയും മലയാളികള്‍ക്ക് സുപരിചിതനായിരുന്ന ദിലീപ് ശങ്കറിന്റെ വിയോഗം വലിയ ഞെട്ടലുണ്ടാക്കിയ വാര്‍ത്തയായിരുന്നു.
ആ വിയോഗത്തിന് ഒരാണ്ട് തികയുമ്പോള്‍ മകള്‍ ദേവ പങ്കുവച്ച ഹൃദയഹാരിയായ കുറിപ്പ് വളരെ ശ്രദ്ധേയമാവുകയാണ് .
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ തിരുവനന്തപുരത്തെ ഹോട്ടല്‍ മുറിയില്‍ നടനെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.
പഞ്ചാഗ്നി എന്ന സീരിയില്‍ അഭിനയിക്കാനെത്തിയതായിരുന്നു ദിലീപ്.
രണ്ട് ദിവസമായിട്ടും മുറി തുറക്കാത്ത സാഹചര്യത്തില്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
ദേവയുടെ വാക്കുകളിലേക്ക്
''നിങ്ങളെക്കുറിച്ച് ചിന്തിക്കാതെ ഒരു ദിവസം പോലും കഴിഞ്ഞൊരു വര്‍ഷം കടന്നുപോയിട്ടില്ല അച്ഛാ.
ഓരോ തവണ ഫോണ്‍ ബെല്ലടിക്കുമ്പോഴും അത് നിങ്ങളായിരുന്നുവെങ്കില്‍ എന്ന് ഞാന്‍ ആശിക്കും.
ഇതെല്ലാം ഒരു ദുസ്വപ്‌നമായിരുന്നുവെങ്കില്‍!
എത്ര ചെറുതാണെങ്കിലും, ഓരോ ചെറിയ നേട്ടങ്ങളും അറിയിക്കാന്‍ നിങ്ങളെ വിളിക്കുന്നത് ഞാന്‍ മിസ് ചെയ്യുന്നുണ്ട്.
എപ്പോഴും എന്നേക്കാള്‍ ആവേശം നിങ്ങള്‍ക്കായിരിക്കുമല്ലോ. നിങ്ങള്‍ എന്നും എന്നില്‍ ഒരുപാട് അഭിമാനിച്ചിരുന്നു.
നിങ്ങള്‍ ചെയ്തിരുന്ന എല്ലാത്തിലും ഞാനത് അനുഭവിച്ചിട്ടുണ്ട്.
എന്നെ കാണാന്‍ വേണ്ടി മാത്രം ഒന്നോ രണ്ടോ ദിവസം ഓഫെടുത്ത് നിങ്ങള്‍ വരുമായിരുന്നു. നിങ്ങളില്ലാത്ത വീട്ടിലേക്ക് പോകുന്നത് പോലും ഇന്ന് വ്യത്യസ്തമാണ്.
നിങ്ങള്‍ പോയതിന് ശേഷം ഒന്നും പഴയതു പോലെയല്ല. ഒട്ടും എളുപ്പമല്ലെങ്കിലും ഞാന്‍ മുന്നോട്ട് പോകാന്‍ ശ്രമിക്കുകയാണ്.
നിങ്ങള്‍ എന്നെ കാണുന്നുണ്ടെന്നും പുഞ്ചിരിക്കുന്നുണ്ടെന്നുമുള്ള പ്രതീക്ഷയിലാണ് ഞാന്‍. നിങ്ങളുടെ ഒരു ഭാഗം ഞാന്‍ എന്നിലും ദിച്ചുവിലും കാണുന്നുണ്ട്.
അത് എനിക്ക് ആശ്വാസം നല്‍കുന്നു.
എന്നെ കാണാന്‍ നിങ്ങളെപ്പോലുണ്ടെന്ന് ആരെങ്കിലുമൊക്കെ പറയുമ്പോള്‍ എന്റെ മനസ് നിറയും.
നിങ്ങളുടെ ഒരു ഭാഗം എപ്പോഴും എനിക്കൊപ്പമുണ്ട്. മിസ് യു അച്ഛാ.. എന്നെന്നും.''