കലാകാരന് മരണമില്ലല്ലോ';നടൻ സലിം കുമാറിന്റെ ഓർമകൾ പങ്കുവച്ച് ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി

By :  Devina Das
Update: 2026-06-09 11:01 GMT

അനശ്വര നടൻ സലിം കുമാറിന്റെ ഓർമകൾ പങ്കുവച്ച് ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി. സലിം കുമാർ ഒരു ഹാസ്യനടൻ മാത്രമല്ലെന്നും ഏതു വികാരവും ആ മുഖത്ത് മിന്നിമറയുമായിരുന്നുവെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. കഥാപാത്രം മാറുന്നതനുസരിച്ച് തന്റെ ശരീരചലനങ്ങളിലും ഭാവവാഹാദികളിലും മാറ്റം വരുത്താൻ അദ്ദേഹം ശ്രദ്ധിക്കുമായിരുന്നുവെന്നും ശ്രീകുമാരൻ‌ തമ്പി പറയുന്നു.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

സലിം കുമാർ ഒരു ഹാസ്യനടൻ മാത്രമല്ല, ഏതു വികാരവും ആ മുഖത്ത് മിന്നിമറയുമായിരുന്നു. കഥാപാത്രം മാറുന്നതനുസരിച്ച് തന്റെ ശരീരചലനങ്ങളിലും ഭാവവാഹാദികളിലും മാറ്റം വരുത്താൻ അദ്ദേഹം ശ്രദ്ധിക്കുമായിരുന്നു. ഓരോ ചിത്രത്തിലും അദ്ദേഹത്തിന്റെ പ്രകടനം വ്യത്യസ്തവും അതുകൊണ്ടു തന്നെ അവയെല്ലാം പ്രേക്ഷകരുടെ മനസ്സിൽ തങ്ങി നിൽക്കുന്നവയുമാണ്.

"ആദമിന്റെ മകൻ അബു''വിലെയും "ചതിക്കാത്ത ചന്തു" എന്ന ചിത്രത്തിലെയും പ്രകടനങ്ങൾ ഓർമ്മിക്കുക. ഒരേ കാലഘട്ടത്തിൽ ഞാനും സലിം കുമാറും ഐ വി ശശിയും ശാരദയും കേരളം ഫിലിം ഡവലപ്പ്മെന്റ് കോർപ്പറേഷനിൽ ഡയറക്ടർമാരായിരുന്നു. ആ സമയത്താണ് സലിം കുമാറുമായി ഇടപെടാൻ എനിക്ക് അവസരം ലഭിച്ചത്.ബഹുമാനപ്പെട്ട മുഖ്യമന്ത്രി വി ഡി സതീശന് അദ്ദേഹത്തിന്റെ ജന്മനാടായ വടക്കൻ പറവൂരിൽ രണ്ടാഴ്ച്ച മുൻപ് നടന്ന സ്വീകരണ ചടങ്ങിൽ ഞാനും സലിം കുമാറും ഒരുമിച്ചു പങ്കെടുക്കുകയും സ്നേഹാന്വേഷണങ്ങൾ കൈമാറുകയും ചെയ്യുകയുണ്ടായി.നല്ലൊരു പ്രഭാഷകൻ കൂടിയായ സലിംകുമാറിന്റെ വാക്ചാതുരി ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. സലിം കുമാർ അവസാനമായി പങ്കെടുത്ത പൊതുപരിപാടിയും അതായിരുന്നു. പ്രിയ അനുജന് വിട. കലാകാരന് മരണമില്ലല്ലോ

Similar News