യഥാർഥ ജീവിതം ജീവിച്ചു തുടങ്ങുമ്പോഴേക്ക് ഈ അഭിപ്രായം ഉറപ്പായും മാറ്റിപ്പറയും;മീക്ഷിയുടെ നിലപാടിനെതിരെ ശാരദക്കുട്ടി

By :  Devina Das
Update: 2025-11-26 09:44 GMT

ഫെമിനിസത്തെ കുറിച്ചുള്ള നടി മീനാക്ഷി പങ്കുവച്ച പോസ്റ്റിനെതിരെ വിമർശനവുമായി എഴുത്തുകാരി ശാരദക്കുട്ടി.

ഒരു സ്ത്രീ തൻറെ അതേ അവകാശങ്ങളുള്ള ഒരു പുരുഷനെ അതിൽ (അവകാശങ്ങളിൽ) നിന്നും വിലക്കിക്കൊണ്ട് സ്വന്തം മൂല്യങ്ങൾ നേടാൻ ശ്രമിച്ചാൽ അത് തെറ്റാണ് എന്ന് പറയുന്നിടത്താണ് എൻറെ 'ഫെമിനിസം.' എന്ന മീനാക്ഷിയുടെ പോസ്റ്റിനെതിരെയാണ് ശാരദക്കുട്ടി വിമർശനം ഉന്നയിച്ചു രംഗത്തെത്തിയത് .


മീനാക്ഷി ജീവിതം തുടങ്ങിയിട്ടേയുള്ളു. യഥാർഥ ജീവിതം ജീവിച്ചു തുടങ്ങുമ്പോഴേക്ക് ഈ അഭിപ്രായം ഉറപ്പായും മാറ്റിപ്പറയും എന്നാണ് ശാരദക്കുട്ടി പറഞ്ഞിരിക്കുന്നത് .

ദളിത് അനുഭവങ്ങളെ കുറിച്ച് മീനാക്ഷി പറഞ്ഞതൊക്കെ സ്വന്തം ബോധ്യങ്ങളാണെങ്കിൽ അതേ യുക്തി മാത്രം മതി സ്ത്രീയനുഭവങ്ങൾ മനസ്സിലാക്കാനും.

പക്ഷേ, അങ്ങനെ പറയുമ്പോൾ മുൻപു ലഭിച്ച കയ്യടിയും പ്രോത്സാഹനവും കിട്ടില്ല, ജനപ്രിയതയെയും ബാധിക്കുമെന്നും ശാരദക്കുട്ടി ഫെയ്സ്ബുക്ക് കുറിപ്പിൽ പറയുന്നു.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം

 മീനാക്ഷി പണ്ട് പറഞ്ഞതും topsinger ൽ എല്ലാവരും പൊട്ടിച്ചിരിച്ചതുമായ പഞ്ഞി - ഇരുമ്പ് തമാശ ഓർക്കുന്നു.

ഒരു കിലോ പഞ്ഞിയും ഒരു കിലോ ഇരുമ്പും തൂക്കം ഒന്നാണെങ്കിലും അനുഭവം രണ്ടല്ലേ? ആണും പെണ്ണും ഒരേ അവകാശങ്ങളുള്ളവരെങ്കിലും അനുഭവത്തിൽ രണ്ടാകുന്നതു പോലെ.ഫെമിനിസ്റ്റാണോ എന്ന സ്വന്തം ചോദ്യത്തിന് മീനാക്ഷി നൽകിയ ഉത്തരം താഴെ കൊടുക്കുന്നു.

"ചോദ്യം ഫെമിനിസ്റ്റാണോ.... ഉത്തരം എപ്പോഴും പറയുന്നതുപോലെ എൻ്റെ ചെറിയ അറിവിൽ ചെറിയ വാചകങ്ങളിൽ ... ഒരു സ്ത്രീ തൻ്റെ അതേ അവകാശങ്ങളുള്ള ഒരു പുരുഷനെ അതിൽ (അവകാശങ്ങളിൽ) നിന്നും വിലക്കിക്കൊണ്ട് സ്വന്തം മൂല്യങ്ങൾ നേടാൻ ശ്രമിച്ചാൽ അത് തെറ്റാണ് എന്ന് പറയുന്നിടത്താണ് എൻ്റെ 'ഫെമിനിസം.'...."

മീനാക്ഷി ജീവിതം തുടങ്ങിയിട്ടേയുള്ളു. യഥാർഥ ജീവിതം ജീവിച്ചു തുടങ്ങുമ്പോഴേക്ക് ഈ അഭിപ്രായം ഉറപ്പായും മാറ്റിപ്പറയും. ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്. യഥാർഥ വിദ്യാഭ്യാസം തിരിച്ചറിവുകളിലേക്ക് കൊണ്ടുപോകും. ഇംഗ്ലീഷ് സാഹിത്യ പഠനം ലോകമെമ്പാടുമുള്ള സ്ത്രീയനുഭവങ്ങളുടെ സമാനതകളിലേക്ക് മീനുവിനെ നയിക്കട്ടെ. അതിന് പ്രേരണയാകുന്ന മികച്ച അധ്യാപകരെ കിട്ടട്ടെ.

ഇപ്പോൾ പറഞ്ഞത് topsinger വേദിയിൽ MG അങ്കിളിൻ്റെ ഒക്കെ മുന്നിൽ മാത്രം പറയാവുന്ന പല പൊട്ടത്തരങ്ങളിൽ ഒരു പൊട്ടത്തരമായി മാത്രം അന്ന് മീനാക്ഷി തിരിച്ചറിയും. ദളിത് അനുഭവങ്ങളെ കുറിച്ച് മീനാക്ഷി പറഞ്ഞതൊക്കെ സ്വന്തം ബോധ്യങ്ങളാണെങ്കിൽ അതേ യുക്തി മാത്രം മതി സ്ത്രീയനുഭവങ്ങൾ മനസ്സിലാക്കാനും.

പക്ഷേ, അങ്ങനെ പറയുമ്പോൾ മുൻപു ലഭിച്ച കയ്യടിയും പ്രോത്സാഹനവും കിട്ടില്ല, ജനപ്രിയതയെയും ബാധിക്കും. മറ്റൊരു 'പ്രിയങ്ക'രി മാത്രം ആയിരിക്കുക എന്ന ലക്ഷ്യത്തിൽ നിന്ന് മാറി നടക്കാനാകട്ടെ

എസ്. ശാരദക്കുട്ടി

Similar News