സൂര്യനെല്ലിയില്‍ കാട്ടാന ആക്രമണത്തിൽ യുവതിക്ക് ദാരുണാന്ത്യം
കട്ടപ്പന: ഇടുക്കി സൂര്യനെല്ലിയിൽ കാട്ടാന ആക്രമണത്തിൽ യുവതിക്ക് ദാരുണാന്ത്യം . സൂര്യനെല്ലി സ്വദേശി വെള്ളസ്വാമിയുടെ മകൾമാരിയമ്മാൾ(36) ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. മകനെ സ്‌കൂളിൽ വിടാൻ പോകുന്നതിനിടെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്.റോഡിൽ കനത്ത മൂടൽമഞ്ഞ് കാരണം ആന വരുന്നത് കാണാൻ കഴിഞ്ഞിരുന്നില്ല. കാട്ടാനയുടെ ആക്രമണത്തിൽ മാരിയുടെ മകന് ഗുരുതര പരിക്കേറ്റു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. സ്ഥിരമായി ആനയിറങ്ങുന്ന സ്ഥലമാണ് ഇവിടെ. ഇതോടെ സംസ്ഥാനത്ത് രണ്ടാഴ്ചയ്ക്കിടെ കാട്ടാന ആക്രമണത്തിൽ മരണം അഞ്ചായി.
തുടർച്ചയായുണ്ടാകുന്ന ഈ ആക്രമണങ്ങൾ ഹൈറേഞ്ച് ജില്ലകളിലെ കർഷകരുടെയും വന അതിർത്തികളിൽ താമസിക്കുന്നവരുടെയും അതുവഴി യാത്ര ചെയ്യുന്നവരുടേയും ജീവനും ഉപജീവനത്തിനും കടുത്ത ഭീഷണിയാണ് ഉയർത്തുന്നത്.
ദുരന്തത്തിന് പിന്നാലെ മാരിയുടെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കോ പോസ്റ്റ്‌മോർട്ടത്തിനോ വിട്ടുകൊടുക്കില്ലെന്ന ഉറച്ച നിലപാടിലായിരുന്നു നാട്ടുകാരും ബന്ധുക്കളും. വന്യജീവി ആക്രമണത്തിന് കൃത്യമായ പരിഹാരം കാണാതെ ഒരടി പിന്നോട്ടില്ലെന്ന് ജനങ്ങൾ പ്രഖ്യാപിച്ചതോടെ തർക്കാവസ്ഥ ഉടലെടുത്തു. പിന്നീട് റവന്യൂ, വനംവകുപ്പ് അധികൃതരുടെ നേതൃത്വത്തിൽ നടന്ന ദീർഘനേരത്തെ ചർച്ചകൾക്കൊടുവിലാണ് മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ഇടുക്കി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകാൻ നാട്ടുകാർ അനുവാദം നൽകിയത്. എന്നാൽ, ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിലെ കാട്ടാന പ്രശ്നത്തിന് കൃത്യമായ പരിഹാരം നിർദേശിക്കാതെ പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം തിരികെ ഏറ്റുവാങ്ങില്ലെന്ന നിലപാടിലാണ് പ്രദേശവാസികൾ . ഇതോടൊപ്പം ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ ഭാവി സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്നും, കുട്ടിയുടെ ചികിത്സാച്ചെലവും തുടർന്നുള്ള കാര്യങ്ങളും സർക്കാർ പൂർണ്ണമായി ഏറ്റെടുക്കുമെന്ന ഉറപ്പ് ലഭിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.