വെള്ളാപ്പള്ളി നടേശനെ തള്ളിപ്പറയാത്തത് പാർട്ടിയുടെ വീഴ്ച്ച;അയ്യപ്പ സംഗമം പാളി, സിപിഎം വിലയിരുത്തല്‍
തിരുവനന്തപുരം: ന്യൂനപക്ഷ വോട്ടുകൾ പൂർണമായും പാർട്ടിയിൽ നിന്നും അകന്നതും വർഗീയപരാമർശം നടത്തിയ വെള്ളാപ്പള്ളി നടേശനെ തള്ളിപ്പറയാത്തതും നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് കാരണമായെന്ന് സിപിഎം വിലയിരുത്തൽ. ഇത് ഇടതു പക്ഷത്തുള്ളവർക്കു പോലും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ലെന്നും സിപിഎം വിലയിരുത്തി . സിപിഎം സംസ്ഥാന കമ്മിറ്റിയിൽ സെക്രട്ടറി എം വി ഗോവിന്ദൻ അവതരിപ്പിച്ച തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.ആഗോള അയ്യപ്പസംഗമം ഉദ്ദേശിച്ച രീതിയിലല്ല ജനങ്ങളിലെത്തിയത്. യോഗി ആദിത്യനാഥിന്റെ സന്ദേശം വായിച്ചത് സംഗമത്തിന്റെ ശോഭകെടുത്തി. ഇത്തരം വിഷയങ്ങളിൽ പാർട്ടി സ്വീകരിച്ച നിലപാടുകൾ വോട്ടർമാർക്കിടയിൽ തെറ്റായ സന്ദേശം നൽകാൻ ഇടയാക്കിയെന്നും വിമർശനമുണ്ട്. തെരഞ്ഞെടുപ്പ് തോൽവിയുടെ കാരണങ്ങളിൽ ഭരണവിരുദ്ധ വികാരവും ഉണ്ടെന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
ഭരണവിരുദ്ധ വികാരവും സർക്കാരിനെതിരായ ആസൂത്രിത പ്രചാരണങ്ങളും വോട്ടുകൾ വലിയ തോതിൽ നഷ്ടപ്പെടുന്നതിന് കാരണമായി. ഭരണത്തിൽ വന്ന വീഴ്ചകൾ തെരഞ്ഞെടുപ്പിൽ പാർട്ടിയെ ബാധിച്ചു. സർക്കാരിന്റെ ചില ഭരണ നടപടികളോട് ജനങ്ങൾക്കിടയിൽ എതിർപ്പുണ്ടായിരുന്നു. തുടർ ഭരണത്തിൽ പാർട്ടി സംഘടനാ സംവിധാനം മുരടിച്ചെന്നും സിപിഎം വിലയിരുത്തുന്നു.തെരഞ്ഞെടുപ്പ് തോൽവിയിലേക്ക് നയിച്ച സംഘടനാ വീഴ്ചയുടെ മുഖ്യകാരണം സംഘടനാ തലത്തിലെ മുരടിപ്പാണ്. ഭരണത്തിൽ തെറ്റായ പ്രവണതകൾ ഉണ്ടായി. ഭരണമാറ്റം വേണമെന്ന് ജനങ്ങൾ ആഗ്രഹിച്ചു. പലവിഭാഗങ്ങളും പാർട്ടിയിൽ നിന്ന് അകന്നുപോയി. ഒറ്റപ്പെട്ട നിലയിലുളള തിരുത്തൽ കൊണ്ട് ഫലമുണ്ടാകില്ല. തിരുത്തൽ എല്ലാ തലത്തിലും വേണം. പരാജയത്തിന്റെ ഉത്തരവാദികൾ ഏതെങ്കിലും വ്യക്തികൾ അല്ല. നേതൃത്വത്തിന്റെ കൂട്ടായ വീഴ്ചയാണ്. വിമർശനാത്മകമായി ഉൾക്കൊണ്ട് സ്വയം തിരുത്തണം. തിരുത്താൻ തയാറാകാത്തവരെ തിരുത്തിക്കണം.സ്ഥാനാർത്ഥി നിർണയത്തിൽ ജാഗ്രതക്കുറവുണ്ടായി. തളിപ്പറമ്പിലെ സ്ഥാനാർത്ഥിയുടെ കാര്യത്തിലും വീഴ്ചയുണ്ടായി. തെരഞ്ഞെടുപ്പിൽ ബിജെപി മുന്നേറ്റം ഗൗരവത്തോടെ കാണണം. മൂന്ന് സീറ്റ് ജയിച്ച ബിജെപി ആറിടത്ത് രണ്ടാമത് എത്തിയതും അപകടകരമാണ്. കീഴ്ഘടകങ്ങളിൽ ഒരു റൗണ്ട് ചർച്ചകൂടി നടത്തും. പ്രായോഗിക തിരുത്തൽ നടപടികൾക്ക് മൂന്നുമാസത്തെ സാവകാശം നൽകുമെന്നാണ് എം വി ഗോവിന്ദൻ അവതരിപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്.