ഇന്ത്യ സഖ്യത്തിന്റെ നിർണ്ണായകയോഗം ഇന്ന് ഡൽഹിയിൽ ചേരും ; ഡിഎംകെ പങ്കെടുക്കില്ല

By :  Devina Das
Update: 2026-06-08 05:17 GMT

ന്യൂഡൽഹി: പ്രതിപക്ഷ കക്ഷികളുടെ കൂട്ടായ്മ ഇന്ത്യ സഖ്യത്തിന്റെ നിർണായക യോ​ഗം ഇന്ന് ഉച്ചയ്ക്ക്12 മണിക്ക് ഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ ചേരും സഖ്യത്തിന്റെ ഭാവി എന്താകും എന്നതടക്കമുള്ള കാര്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും . കോൺ​ഗ്രസ് വിളിച്ച യോ​ഗത്തിൽ എത്ര പാർട്ടികൾ എത്തുമെന്നും യോ​ഗത്തിൽ എന്ത് തീരുമാനം ഉണ്ടാകും എന്നതും സഖ്യത്തിന്റെ കെട്ടുറപ്പുള്ള പോക്കിൽ നിർണായകമാകും. 23 പാർട്ടികൾ പങ്കെടുക്കുമെന്നാണ് എഐസിസി വക്താവ് ജയറാം രമേശ് അറിയിച്ചത്. ചില പാർട്ടികൾ അസൗകര്യം അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി.

പശ്ചിമ ബംഗാളിലെ തൃണമൂൽ പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് യോഗം വിളിച്ചിരിക്കുന്നതെങ്കിലും, കോൺഗ്രസ് നിലപാടിനെതിരെ ഘടകകക്ഷികൾ രൂക്ഷമായ വിമർശനം ഉന്നയിക്കും. യോഗത്തിൽ പങ്കെടുത്ത് കോൺഗ്രസിനെതിരെ രൂക്ഷമായ വിമർശനം ഉന്നയിക്കുമെന്ന് സിപിഎം വ്യക്തമാക്കിയിട്ടുണ്ട്. ഝാർഖണ്ഡിൽ രാജ്യസഭാ സ്ഥാനാർഥിയെ കോൺഗ്രസ് ഏകപക്ഷീയമായി പ്രഖ്യാപിച്ചതിൽ പ്രതിഷേധം അറിയിക്കാൻ ജെ‌എംഎമ്മും തീരുമാനിച്ചിട്ടുണ്ട്.

ഇന്ത്യ സഖ്യ യോഗത്തിൽ പങ്കെടുക്കില്ലെന്ന് ഡിഎംകെ നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ് തങ്ങളെ വഞ്ചിച്ചുവെന്നും അതിനാൽ കോൺഗ്രസ് പങ്കെടുക്കുന്ന ഒരു യോഗത്തിലും തങ്ങൾ ഭാഗമാകില്ലെന്നുമാണ് എംകെ സ്റ്റാലിനും ഡിഎംകെയും അറിയിച്ചിട്ടുള്ളത്. ഇന്ത്യ സഖ്യത്തിന്റെ തുടക്കം മുതൽ അതിന്റെ ശക്തമായ നെടുംതൂണായി പ്രവർത്തിച്ചിരുന്നത് സ്റ്റാലിൻ ആയിരുന്നുവെന്നും സഖ്യ രൂപീകരണത്തിൽ സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്നത് എല്ലാ കക്ഷികൾക്കും ബോധ്യമുള്ള കാര്യമാണെന്നും പാർട്ടി ഓർമ്മിപ്പിച്ചിരുന്നു.കോൺഗ്രസ് നയിക്കുന്ന കൂട്ടായ്മയോടുള്ള വിയോജിപ്പ് കാരണം യോഗത്തിൽ നിന്നു മാറിനിൽക്കുന്നത് ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളിൽ നിന്നുള്ള പിന്മാറ്റമായി കാണരുതെന്നും ഡിഎംകെ വ്യക്തമാക്കിയിട്ടുണ്ട്. സഖ്യത്തിലെ മറ്റ് കക്ഷികൾ ഉന്നയിക്കുന്ന ജനക്ഷേമകരമായ ദേശീയ വിഷയങ്ങൾക്ക് ഡിഎംകെയുടെ പൂർണ പിന്തുണ ഉണ്ടാകുമെന്നും തങ്ങൾ ഉയർത്തിയ പോരാട്ടങ്ങളിൽ നിന്ന് ഒരടിപോലും പിന്നോട്ടില്ലെന്നും പാർട്ടി വ്യക്തമാക്കിയിട്ടുണ്ട്.

കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനെതിരെ രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങളിൽ കടുത്ത അതൃപ്തിയും പ്രതിഷേധവും യോഗത്തിൽ അറിയിക്കാനാണ് സിപിഎം തീരുമാനം. ഇക്കാര്യം ചൂണ്ടിക്കാട്ടി സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് കത്ത് നൽകിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് സമയത്ത് കേന്ദ്ര ഏജൻസിയായ ഇ ഡി എന്തുകൊണ്ട് പിണറായി വിജയനെ അറസ്റ്റ് ചെയ്യുന്നില്ലെന്ന ചോദ്യം രാഹുൽ ഗാന്ധി നിരന്തരം ഉന്നയിച്ചിരുന്നു.

നരേന്ദ്ര മോദിയും പിണറായി വിജയനും തമ്മിൽ രഹസ്യ ധാരണയുണ്ടെന്ന പ്രചാരണം കോൺഗ്രസ് അഴിച്ചുവിട്ടുവെന്നും ഖർഗെയും പ്രിയങ്കാ ഗാന്ധിയും അടക്കമുള്ള മുതിർന്ന നേതാക്കൾ ഈ പ്രചാരണം ഏറ്റെടുത്തുവെന്നും ബേബി കത്തിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇത്തരം പരാമർശങ്ങളെ കേവലം രാഷ്ട്രീയ ആരോപണങ്ങളായി മാത്രം കാണാൻ കഴിയില്ലെന്നും ഇത് തികച്ചും ആസൂത്രിതമായ പ്രചാരണമായിരുന്നുവെന്നുമാണ് ബേബിയുടെ വിമർശനം. ജനറൽ സെക്രട്ടറിയോ പി ബി അംഗങ്ങളോ പങ്കെടുക്കാത്ത ഇന്നത്തെ യോഗത്തിലേക്ക് ജോൺ ബ്രിട്ടാസ് എം പിയാകും പ്രതിനിധിയായി എത്തുക.

Similar News