വിജയ് 3 മാസം പോലും തികച്ച് ഭരിക്കില്ല;ടി വി കെ സർക്കാരിന്റെ സ്ഥിരത ചോദ്യം ചെയ്ത് സ്റ്റാലിന്‍

By :  Devina Das
Update: 2026-06-08 09:53 GMT

ചെന്നൈ: തമിഴ്നാട്ടിൽ വിജയ് നയിക്കുന്ന ടിവികെ സർക്കാരിന്റെ സ്ഥിരത ചോദ്യം ചെയ്ത് മുൻ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം കെ സ്റ്റാലിൻ രംഗത്ത്. സർക്കാർ മൂന്നുമാസം തികയ്ക്കുമോ എന്ന രീതിയിൽ പൊതുജന സംസാരം ഇപ്പോഴേ തുടങ്ങിയിട്ടുണ്ടെന്ന് വിസികെ മുൻ എംഎൽഎ പന്നിയുർ ബാബുവിന്റെ ഡിഎംകെ പ്രവേശന ചടങ്ങിൽ സ്റ്റാലിൻ പറഞ്ഞു.

'ഈ സർക്കാർ അധികാരത്തിൽ വരുമ്പോൾ ആറ് മാസത്തേക്ക് അവരെ വിമർശിക്കരുതെന്നായിരുന്നു ഞങ്ങൾ തീരുമാനിച്ചത്. എന്നാൽ അതിനു മുമ്പുതന്നെ സർക്കാർ വീഴുമെന്ന ചർച്ച സജീവമാണ്. അഞ്ചോ ആറോ മാസം പോയിട്ട് മൂന്ന് മാസമെങ്കിലും സർക്കാരിന് അതിജീവിക്കാനാകുമോ എന്നാണ് എല്ലാവരും നോക്കുന്നത്' -സ്റ്റാലിൻ പറഞ്ഞു.കഴിഞ്ഞ മാസം അധികാരത്തിലേറിയ ടിവികെ സർക്കാരിനെ വിമർശിച്ചുകൊണ്ട് ഇത് രണ്ടാം തവണയാണ് സ്റ്റാലിൻ രംഗത്തുവരുന്നത്. നേരത്തെ ടിവികെ സമൂഹമാധ്യമങ്ങളിലൂടെ ഉയർന്നുവന്ന പാർട്ടിയാണെന്നും ശക്തമായ സംഘടനാ സംവിധാനമില്ലെന്നും സ്റ്റാലിൻ വിമർശിച്ചിരുന്നു. ഡിഎംകെ 2024ലെ ലോക്‌സഭ തെരഞ്ഞടുപ്പിനു പിന്നാലെ നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഒരുക്കം തുടങ്ങിയിരുന്നുവെന്നും സ്റ്റാലിൻ അവകാശപ്പെട്ടു.

ടിവികെ സർക്കാരിന് പിന്തുണ പ്രഖ്യാപിച്ച പാർട്ടി നിലപാടിൽ പ്രതിഷേധിച്ചാണ് പന്നിയുർ ബാബു വിസികെ വിട്ടത്. ഇടയ്ക്കിടെ നിലപാടു മാറ്റുന്ന നയം അംഗീകരിക്കാനാകില്ലെന്നും ബാബു വ്യക്തമാക്കിയിരുന്നു. ബാബുവിനെ തനിക്ക് കഴിഞ്ഞ അഞ്ച് വർഷമായി നന്നായി അറിയാമെന്നും സ്വന്തം മണ്ഡലത്തിലെ ജനങ്ങൾക്കു വേണ്ടതെല്ലാം എത്തിച്ചുനൽകുന്ന നേതാവാണെന്നും സ്റ്റാലിൻ പറഞ്ഞു.

Similar News