'ഹൈഡ്ര'യ്ക്ക് പ്രചോദനം ഹിറ്റ്ലർ; രേവന്ത് റെഡ്ഡിയുടെ പരാമര്‍ശം വിവാദത്തില്‍
ഹൈദരാബാദ്: തെലങ്കാനയിലെ കയ്യേറ്റ വിരുദ്ധ ദൗത്യസേനയായ ഹൈദരാബാദ് ഡിസാസ്റ്റർ റെസ്‌പോൺസ് ആൻഡ് അസറ്റ് പ്രൊട്ടക്ഷൻ ഏജൻസിക്ക് (HYDRAA) പ്രചോദനമായത് അഡോൾഫ് ഹിറ്റ്‌ലർ ആണെന്ന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ പരാമർശം വൻ വിവാദമാകുന്നു. 'ഹൈഡ്ര' എന്നത് ജർമ്മൻ ഏകാധിപതി ഹിറ്റ്‌ലറുടെ പ്രിയപ്പെട്ട വാക്കായിരുന്നു. അദ്ദേഹത്തിന്റെ കോർ ടീമിന്റെ പേരും 'ഹൈഡ്ര' എന്നായിരുന്നു എന്നും രേവന്ത് റെഡ്ഡി പറഞ്ഞു. ബാംഗ്ലൂരിൽ നടന്ന 'ദി ഹിന്ദു ഹഡിൽ: ഇന്ത്യ ഇൻ ഡയലോഗ്' എന്ന കോൺക്ലേവിൽ സംസാരിക്കവെയാണ് രേവന്ത് റെഡ്ഡി ഈ പരാമർശം നടത്തിയത്.
രേവന്ത് റെഡ്ഡിയുടെ പരാമർശം അപകടകരവും അതീവ ആശങ്കാജനകവുമാണെന്ന് ബിജെപി കുറ്റപ്പെടുത്തി. അടിയന്തരാവസ്ഥ കാലഘട്ടം മുതൽ ഹിറ്റ്ലറുടെ ഭരണംവരെ ഓർമിപ്പിക്കുന്ന രീതിയിൽ ജനങ്ങളെ അടിച്ചമർത്തുന്ന നിലപാടാണ് കോൺഗ്രസ് എന്നും സ്വീകരിച്ചിട്ടുള്ളതെന്ന് സെക്കന്തരാബാദ് ബിജെപി എംപിയും കേന്ദ്രമന്ത്രിയുമായ ജി കിഷൻ റെഡ്ഡി പറഞ്ഞു. തെലങ്കാനയിലെ ജനങ്ങളോട് മുഖ്യമന്ത്രി മാപ്പുപറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.പ്രകൃതി ദുരന്തങ്ങൾ നേരിടുക, പൊതുസ്വത്ത് സംരക്ഷിക്കുക എന്നീ ലക്ഷ്യങ്ങളോടെ 2024 ജൂലൈയിലാണ് തെലങ്കാന സർക്കാർ 'ഹൈഡ്ര' എന്ന ഏജൻസി രൂപീകരിക്കുന്നത്. കയ്യേറ്റങ്ങൾ ഒഴിപ്പിക്കാനെന്ന പേരിൽ ഹൈഡ്രയുടെ നേതൃത്വത്തിൽ നടത്തുന്ന ബുൾഡോസർ രാജിനെതിരെ വിവാദം ശക്തമാകുമ്പോഴും, രേവന്ത് റെഡ്ഡി ന്യായീകരിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ പ്രസ്താവന അദ്ദേഹത്തിന്റെ ഏകാധിപത്യ മനോഭാവത്തിന്റെ സൂചനയാണെന്ന് ബിആർഎസും കുറ്റപ്പെടുത്തി.