പശ്ചിമേഷ്യന്‍ സംഘര്‍ഷം: ഇറാന്‍-യുഎസ് ചര്‍ച്ചയ്ക്ക് മധ്യസ്ഥ നീക്കവുമായി റഷ്യ

By :  Devina Das
Update: 2026-04-13 05:00 GMT

മോസ്‌കോ: പാകിസ്ഥാനിൽ നടന്ന ഇറാൻ-യുഎസ് സമാധാന ചർച്ച പരാജയപ്പെട്ടതിന് പിന്നാലെ മധ്യസ്ഥ നീക്കവുമായി റഷ്യ. ഇറാനും അമേരിക്കയുമായുള്ള ചർച്ചയ്ക്ക് മധ്യസ്ഥ വഹിക്കാമെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുടിൻ അറിയിച്ചു. ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാനുമായുള്ള ടെലഫോൺ സംഭാഷണത്തിലാണ് പുടിൻ മധ്യസ്ഥത വഹിക്കാൻ സന്നദ്ധത അറിയിച്ചത്.രണ്ടാഴ്ച നീണ്ടുനിൽക്കുന്ന വെടിനിർത്തൽ പ്രാബല്യത്തിൽ വന്നെങ്കിലും, ഇസ്ലാമാബാദിൽ 21 മണിക്കൂർ നീണ്ടുനിന്ന ഉന്നതതല ചർച്ചകൾക്ക് ശേഷവും യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് യുഎസും ഇറാനും തമ്മിൽ ധാരണയിലെത്താൻ കഴിയാതെ വന്നതിനെത്തുടർന്നാണ് പുടിനും പെസഷ്‌കിയാനും തമ്മിൽ ഫോൺ സംഭാഷണം നടത്തിയത്. 1979 ന് ശേഷം വാഷിങ്ടണും ടെഹ്റാനും തമ്മിലുള്ള ആദ്യത്തെ നേരിട്ടുള്ള ചർച്ചയായിരുന്നു പാകിസ്ഥാനിൽ നടന്നത്.

'സംഘർഷത്തിന് രാഷ്ട്രീയവും നയതന്ത്രപരവുമായ പരിഹാരം കണ്ടെത്തുന്നതിനുള്ള ചർച്ച കൂടുതൽ സുഗമമാക്കുന്നതിനും, പശ്ചിമേഷ്യയിൽ നീതിയുക്തവും ശാശ്വതവുമായ സമാധാനം കൈവരിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് മധ്യസ്ഥത വഹിക്കുന്നതിനുമുള്ള സന്നദ്ധത പുടിൻ അറിയിച്ചു.' ചർച്ചകൾക്ക് ശേഷം ക്രെംലിൻ പുറത്തു വിട്ട വാർത്താക്കുറിപ്പ് വ്യക്തമാക്കുന്നു.ഉഭയകക്ഷി ബന്ധം വികസിപ്പിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള പ്രതിബദ്ധത പെസഷ്‌കിയനും പുടിനും ചർച്ച ചെയ്തു. പശ്ചിമേഷ്യൻ മേഖലയിൽ സുരക്ഷയും സ്ഥിരതയും എങ്ങനെ വർദ്ധിപ്പിക്കാം എന്നതിനെക്കുറിച്ചുള്ള തങ്ങളുടെ വീക്ഷണങ്ങളും പുടിനും പെഷേഷ്‌കിയാനും ചർച്ച ചെയ്തതായി ഇറാൻ പ്രസിഡന്റിന്റെ ഓഫീസും വ്യക്തമാക്കി. ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കാമെന്ന നിലപാട് റഷ്യ അമേരിക്കയും അറിയിച്ചതായാണ് റിപ്പോർട്ടുകൾ.

Similar News