പശ്ചിമേഷ്യൻ സംഘർഷം ; ആവശ്യമരുന്നുകളുടെവില 20 ശതമാനം വരെ വർധിക്കും
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഉണ്ടായ വിതരണ തടസ്സങ്ങൾ മൂലം ഉൽപ്പാദനച്ചെലവ് വർധിച്ച സാഹചര്യത്തിൽ കാൻസർ മരുന്നുകൾ ഉൾപ്പെടെയുള്ള അവശ്യ മരുന്നുകളുടെ വിലയിൽ 10 മുതൽ 20 ശതമാനം വരെ വർധന വരുത്താൻ കേന്ദ്രസർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ട്. ഉൽപ്പാദനച്ചെലവ് വർധിച്ച പശ്ചാത്തലത്തിൽ മരുന്നു കമ്പനികളെ സഹായിക്കുന്നതിന് വേണ്ടിയാണ് അവശ്യ മരുന്നുകളുടെ വിലയിൽ താൽക്കാലിക വർധന വരുത്താൻ കേന്ദ്രസർക്കാർ നീക്കം നടത്തുന്നതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.വിലനിയന്ത്രണമുള്ള ആന്റിബയോട്ടിക്കുകൾ, കുത്തിവയ്പ്പുകൾ, കാൻസർ മരുന്നുകൾ എന്നിവയുൾപ്പെടെയുള്ള അവശ്യ മരുന്നുകളുടെ വില വർധിപ്പിക്കാനാണ് നീക്കം. ഇതൊരു ഹ്രസ്വകാല നടപടിയായിട്ടാണ് പരിഗണിക്കുന്നത്. കുറഞ്ഞത് മൂന്ന് മാസത്തെ കാലയളവിലേക്കായിരിക്കും ഈ വില വർധന നടപ്പാക്കുക എന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു.
നിലവിലെ പ്രതിസന്ധി മറികടക്കാൻ വ്യവസായ മേഖലയെ സഹായിക്കുന്നതിന്റെ ഭാഗമായാണ് നീക്കം. വിതരണ തടസ്സങ്ങൾ നീങ്ങുന്നതുവരെ മാത്രമാണ്് വില വർധന ഉണ്ടാവുകയെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. വിതരണ സാഹചര്യം സാധാരണ നിലയിലായാൽ വില പഴയ നിലയിലേക്ക് തന്നെ മാറും.