യുദ്ധം ഗൾഫ്‌രാജ്യങ്ങളിലെ എണ്ണപ്പാടങ്ങളിലേക്ക് ;കത്തിപ്പുകഞ്ഞ് ഗള്‍ഫ് മേഖല
ദുബൈ: ഇസ്രയേലും - അമേരിക്കയും ഇറാനെ ആക്രമിച്ച് തുടങ്ങിവച്ച പശ്ചിമേഷ്യൻ സംഘർഷങ്ങൾ ആഗോള ഇന്ധന സംവിധാനങ്ങൾ ലക്ഷ്യമിടുന്നതിലേക്ക് തിരിയുന്നു. ഇറാനിലെ പ്രകൃതിവാതക സംവിധാനങ്ങളിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി ഗൾഫ് രാഷ്ട്രങ്ങളിലെ ഊർജ്ജ മേഖലയെ ആണ് ഇറാൻ ലക്ഷ്യമിട്ടത്. ഖത്തറിലെ ദ്രവീകൃത പ്രകൃതിവാതക കേന്ദ്രങ്ങളും കുവൈത്ത് എണ്ണ ശുദ്ധീകരണശാലയും ലക്ഷ്യമിട്ടാണ് ഇറാന്റെ തിരിച്ചടി. യുഎഇ തീരത്തെ എണ്ണക്കപ്പലിന് നേരെയും ഇറാൻ ആക്രമണം നടത്തി. പേർഷ്യൻ ഗൾഫ് തീരത്ത് സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ വാതകപ്പാടമായ സൗത്ത് പാർസിൽ ആണ് ഇസ്രയേൽ കഴിഞ്ഞ ദിവസം ആക്രമണം നടത്തിയത്. പിന്നാലെയാണ് ഇറാൻ ഗൾഫ് മേഖലയിൽ വ്യാപകമായി തിരിച്ചടിച്ചത്.എണ്ണപ്പാടങ്ങൾക്ക് എതിരായ ആക്രമണങ്ങൾ 'സംഘർഷത്തിന്റെ ഗതിമാറ്റത്തിന്റെ വ്യക്തമായ സൂചനയാണെന്നാണ് അന്താരാഷ്ട്ര നിരീക്ഷകരുടെ വിലയിരുത്തൽ. 'ലോകത്തെ മുഴുവൻ വിഴുങ്ങാൻ സാധ്യതയുള്ള പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നായിരുന്നു ആക്രമണത്തിൽ അപലപിച്ച് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ നൽകിയ മുന്നറിയിപ്പ്. ഇറാനിലെ എണ്ണപ്പാടങ്ങൾ ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ അമേരിക്കയും അതൃപ്തി രേഖപ്പെടുത്തിയിരുന്നു. സൗത്ത് പാർസിൽ മേഖലയെ ഇസ്രയേൽ ഇനി ലക്ഷ്യമിടില്ലെന്ന് ഡോണൾഡ് ട്രംപും വ്യക്തമാക്കിയിരുന്നു. ദീർഘകാല പ്രത്യാഘാതങ്ങൾ വിലയിരുത്തി ഈ തരത്തിലുള്ള അക്രമത്തെ താൻ അംഗീകരിക്കില്ലെന്നായിരുന്നു ട്രംപ് സോഷ്യൽ മീഡിയയിൽ പ്രതികരിച്ചത്.
ബുധനാഴ്ച രാത്രിയുണ്ടായ ആക്രമണങ്ങളുടെ അലയൊലികൾ അന്താരാഷ്ട്ര എണ്ണ വിപണിയെയും ബാധിച്ചിട്ടുണ്ട്. അന്താരാഷ്ട്ര നിലവാരത്തിലുള്ള ബ്രെന്റ് ക്രൂഡ് ഓയിൽ വില വ്യാഴാഴ്ച രാവിലെ ബാരലിന് 110 യുഎസ് ഡോളറിനു മുകളിലെത്തി. ഫെബ്രുവരി 28 ന് ഇറാനെ ആക്രമിച്ചുകൊണ്ട് ഇസ്രയേലും അമേരിക്കയും യുദ്ധം ആരംഭിച്ചതിനുശേഷം 50 ശതമാനത്തിലധികമാണ് ക്രൂഡ് ഓയിൽ വില വർധിച്ചത്.