ഡോണള്‍ഡ് ട്രംപിന്റെ ചിത്രം പതിച്ച പാസ്‌പോര്‍ട്ട് പുറത്തിറക്കാനൊരുങ്ങി അമേരിക്ക
വാഷിങ്ടൺ: പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ചിത്രവും ഒപ്പും പതിച്ച പാസ്‌പോർട്ട് പുറത്തിറക്കാൻ ഒരുങ്ങി അമേരിക്ക. ജൂലൈയിൽ അമേരിക്കയുടെ 250ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി പാസ്പോർട്ടുകൾ പുറത്തിറക്കുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു.
പുതിയ പാസ്‌പോർട്ടിന്റെ ചിത്രങ്ങൾ വൈറ്റ്ഹൗസ് പുറത്തുവിട്ടു. രണ്ട് ചിത്രങ്ങളാണ് പുതിയ പാസ്‌പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ട്രംപിന്റെ ചിത്രമാണ് ഇതിൽ ഒരെണ്ണം. അതിനുതാഴെ സ്വർണനിറത്തിൽ ട്രംപിന്റെ ഒപ്പുമുണ്ട്. യുഎസിന്റെ സ്ഥാപകനേതാക്കളുടെ പെയിന്റിങ്ങാണ് രണ്ടാമത്തേത്. അമേരിക്കൻ പാസ്പോർട്ടിൽ ഒരു സിറ്റിങ് പ്രസിഡന്റിന്റെ ഒപ്പ് ഇതാദ്യമായാണ് ചേർക്കുന്നത്.'ജൂലൈയിൽ അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിൽ, ഈ ചരിത്ര സന്ദർഭത്തിന്റെ സ്മരണയ്ക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത യുഎസ് പാസ്പോർട്ടുകൾ പരിമിതമായി പുറത്തിറക്കാൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് തയ്യാറെടുക്കുന്നതായി സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് ടോമി പിഗോട്ട് പറഞ്ഞു. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രേഖകളിൽ ഒന്നായി യുഎസ് പാസ്പോർട്ടിനെ മാറ്റുന്ന അതേസുരക്ഷാ സവിശേഷതകൾ നിലനിർത്തി പ്രത്യേക ഡിസൈനിലും മികച്ച ചിത്രങ്ങളും ഉൾപ്പൊടുത്തിയതായിരിക്കും പാസ്‌പോർട്ട്. അദ്ദേഹം പറഞ്ഞു.
എന്നാൽ 'പേട്രിയറ്റ് പാസ്‌പോർട്ട്' എന്നുപേരിട്ട ലിമിറ്റഡ് എഡിഷൻ പാസ്‌പോർട്ട് നൽകുന്നവർക്ക് അധിക ഫീസ് ഈടാക്കില്ല. സ്വാതന്ത്ര്യദിനം ആഘോഷങ്ങളുമായി ബന്ധപ്പെട്ട ഉദ്യമങ്ങളുടെ ഭാഗമാണിത്. പുതിയ യുഎസ് പേപ്പർ കറൻസിയിൽ ട്രംപിന്റെ ഒപ്പ് ഉണ്ടായിരിക്കുമെന്നും യുണൈറ്റഡ് സ്റ്റേറ്റ്‌സ് ട്രഷറി വകുപ്പ് അറിയിച്ചു.