ബിന്ദു അമ്മിണിയും കനകദുര്‍ഗയും വിശ്വാസികളാണോ?ശബരിമല യുവതീപ്രവേശനത്തിൽ സുപ്രീംകോടതി

By :  Devina Das
Update: 2026-04-29 07:33 GMT

ന്യൂഡൽഹി:ശബരിമല യുവതീപ്രവേശനം അടക്കമുള്ള ഹർജികൾ ഭരണഘടനാ ബെഞ്ച് പരിഗണിക്കുമ്പോൾ ചോദ്യങ്ങളുമായി സുപ്രീംകോടതി . ശബരിമലയിൽ കയറാനെത്തിയ ബിന്ദു അമ്മിണിയും കനകദുർഗയും വിശ്വാസികളാണോയെന്ന് സുപ്രീംകോടതി ചോദിച്ചു . മല കയറിയ സ്ത്രീകൾ രണ്ടും വിശ്വാസികളാണോയെന്നാണ് കോടതി ആരാഞ്ഞത്. യുവതീപ്രവേശനത്തെ അനുകൂലിക്കുന്നവരുടെ വാദങ്ങളാണ് സുപ്രീംകോടതിയിൽ നടക്കുന്നത്.കേസിൽ ഇന്ന് ആദ്യം വാദമുന്നയിച്ചത് മുതിർന്ന അഭിഭാഷക ഇന്ദിരാ ജയ്‌സിങ് ആണ്. ശബരിമലയിൽ കയറിയ ബിന്ദു അമ്മിണിക്കു കനകദുർഗയ്ക്കും വേണ്ടി ഇന്ദിരാ ജയ്‌സിങ് വാദിച്ചപ്പോഴാണ്, ഭരണഘടനാബെഞ്ചിലെ ജസ്റ്റിസ് ബി വി നാഗരത്‌ന, അവർ ഇരുവരും വിശ്വാസികളാണോ എന്ന് ചോദിച്ചത്. രണ്ടു സ്ത്രീകളും ഹിന്ദു വിശ്വാസികളാണ്. ബിന്ദു അമ്മിണി ചെറുപ്പത്തിൽ ശബരിമലയിൽ പോയിട്ടുണ്ടെന്നും ഇന്ദിരാ ജയ്‌സിങ് പറഞ്ഞു.

ശബരിമലയിൽ യുവതികൾക്ക് പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ബിന്ദു അമ്മിണിയും കനകദുർഗയും ശബരിമലയിൽ പോയത്. ശബരിമലയിൽ പോയതുമൂലം ഇരുവർക്കും പിന്നീട് തിക്താനുഭവങ്ങൾ നേരിട്ടു. ബിന്ദു അമ്മിണിക്ക് നേരെ ആൾക്കൂട്ട ആക്രമണങ്ങൾ ഉണ്ടായി. കേരളം തന്നെ വിടേണ്ടി വന്നു. കനകദുർഗയ്ക്ക് വീട്ടിൽ നിന്നും പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നുവെന്നും ഇന്ദിരാ ജയ്‌സിങ് ചൂണ്ടിക്കാട്ടി.ശബരിമലയിൽ യുവതീപ്രവേശനം അനുവദിച്ച വിധി ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും ഇന്ദിരാ ജയ്‌സിങ് ചൂണ്ടിക്കാട്ടി. ഇന്ന് പത്താംദിവസമാണ് ശബരിമല റഫറൻസിൽ സുപ്രീംകോടതി വാദം കേൾക്കുന്നത്. 15 ലേറെ കക്ഷികളാണ് യുവതിപ്രവേശനത്തെ ഉൾപ്പെടെ അനൂകൂലിച്ച് വാദങ്ങൾ എഴുതി സമർപ്പിച്ചത്. അവിശ്വാസികളായവർ മതാചാരങ്ങളിൽ എന്തിന് കോടതികളെ സമീപിക്കുന്നു, പൊതുതാൽപര്യഹർജികളിലൂടെ ലക്ഷകണക്കിന് ആളുകൾ വിശ്വസിക്കുന്ന ആചാരങ്ങൾ തെറ്റാണെന്ന് എങ്ങനെ പറയാനാകും തുടങ്ങിയ നീരീക്ഷണങ്ങൾ സുപ്രീംകോടതി നേരത്തെ നടത്തിയിരുന്നു. ഇന്നലെ ശബരിമല യുവതീപ്രവേശനത്തെ എതിർക്കുന്നവരുടെ വാദം പൂർത്തിയായിരുന്നു.

Similar News