പശ്ചിമബംഗാളില്‍ നാളെ അവസാനഘട്ട വോട്ടെടുപ്പ് ;ശക്തികേന്ദ്രങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ച് തൃണമൂല്‍, കനത്ത സുരക്ഷ
കൊൽക്കത്ത: പശ്ചിമബംഗാളിൽ രണ്ടാമത്തേതും അവസാനത്തേതുമായ ഘട്ടം വോട്ടെടുപ്പ് നാളെ നടക്കും. 7 ജില്ലകളിലായി 142 മണ്ഡലങ്ങളാണ് നാളെ വിധിയെഴുതുന്നത്. 3 കോടി 21 ലക്ഷത്തി 73 ആയിരത്തി 837 പേരാണ് നാളെ സമ്മതിദാനാവകാശം വിനിയോഗിക്കുക. ഇതിൽ ഒരു കോടി 57 ലക്ഷം പേർ വനിതകളാണ്. 792 ട്രാൻസ് ജെൻഡേഴ്‌സും ഉൾപ്പെടുന്നു. മുഖ്യമന്ത്രി മമത ബാനർജിയും ബിജെപി നേതാവ് സുവേന്ദു അധികാരിയും ഏറ്റുമുട്ടുന്ന ഭവാനിപൂരാണ് രണ്ടാംഘട്ട വോട്ടെടുപ്പിലെ ശ്രദ്ധേയമായ മണ്ഡലങ്ങളിലൊന്ന്.കഴിഞ്ഞ തവണ തൃണമൂൽ കോൺഗ്രസ് വൻ വിജയം നേടിയ മേഖലകളിലാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്. ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിന്റെ ശക്തികേന്ദ്രങ്ങളായ മണ്ഡലങ്ങളിലാണ് വിധിയെഴുത്ത് എങ്കിലും വോട്ടർ പട്ടിക പരിഷ്‌കരണത്തിന്റെ ആനുകൂല്യം ലഭിക്കുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ. കഴിഞ്ഞ ദിവസങ്ങളിലെ അക്രമങ്ങളുടെ പശ്ചാത്തലത്തിൽ വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.