നിതിൻ രാജിന്റെ മരണം ;സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍

By :  Devina Das
Update: 2026-04-28 04:49 GMT

തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിന് ഉത്തരവാദികളായവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇന്ന് സംസ്ഥാനത്ത് ഹർത്താൽ. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ. 52 ദലിത്-ആദിവാസി സംഘടനകളുടെയും ആക്ഷൻ കൗൺസിലിന്റെയും നേതൃത്വത്തിലാണ് ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുള്ളത്.നിർബന്ധപൂർവ്വം വാഹനങ്ങൾ തടയില്ലെന്നും സമാധാനപരമായി ഹർത്താലുമായി സഹകരിക്കണമെന്നും ആക്ഷൻ കൗൺസിൽ അഭ്യർത്ഥിച്ചിട്ടുണ്ട്.

നിതിൻ രാജിന്റെ മരണത്തിന് ഉത്തരവാദികളായ അധ്യാപകരെ ഉടൻ അറസ്റ്റ് ചെയ്യുക, രോഹിത് വെമുല നിയമം നടപ്പിലാക്കുക, നിതിൻ രാജിന്റെ കുടുംബത്തിന് പത്ത് കോടി രൂപ നഷ്ടപരിഹാരം നൽകുക, അഞ്ചരക്കണ്ടി ഡെന്റൽ കോളേജിന്റെ അഫിലിയേഷൻ റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സമരക്കാർ ഉന്നയിച്ചിട്ടുള്ളത്.ഹർത്താലുമായി സഹകരിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വ്യക്തമാക്കി. കേസ് അന്വേഷണം ശരിയായ ദിശയിലാണ്. ഒന്നാം പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയ സാഹചര്യത്തിൽ ഹർത്താലിന്റെ ആവശ്യമില്ലെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി വ്യക്തമാക്കി. സംസ്ഥാനത്തെ എല്ലാ കടകമ്പോളങ്ങളും പതിവുപോലെ തുറന്നു പ്രവർത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Similar News