രാജീവ്ഗാന്ധി വധക്കേസ് പ്രതി പേരറിവാളന്‍ ഇനി അഭിഭാഷകൻ
ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിൽ31 വർഷത്തിലേറെക്കാലം ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയിൽവാസമനുഭവിച്ച ശേഷം 2022 ൽ മോചിതനായ എ ജി പേരറിവാളൻ അഭിഭാഷകനായി എന്റോൾ ചെയ്തു. മദ്രാസ് ഹൈക്കാടതിയിൽ തമിഴ്‌നാട് - പുതുച്ചേരി ബാർ അസോസിയേഷനിൽ തിങ്കളാഴ്ച നടന്ന ചടങ്ങിലാണ് പേരറിവാളൻ എന്റോൾ ചെയ്തത്.
2022 മെയ് 18 നായിരുന്നു പേരറിവാളൻ ജയിൽമോചിതനായത്. തുടർന്ന് ബംഗളൂരുവിലെ ഡോ ബി ആർ അംബേദ്കർ ലോ കോളജിൽ പഠനം പൂർത്തിയാക്കി. 2025 ൽ ഓൾ ഇന്ത്യ ബാർ പരീക്ഷ പാസായ പേരറിവാളൻ തമിഴ്‌നാടിന്റെയും പുതുച്ചേരിയുടെയും ബാർ കൗൺസിലുകൾ മദ്രാസ് ഹൈക്കോടതി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച എന്റോൾമെന്റ് പരിപാടിയിലാണ് എന്റോൾ ചെയ്തത്.പത്തൊൻപതാമത്തെ വയസ്സിലാണ് രാജീവ് ഗാന്ധി വധക്കേസിൽ പേരറിവാളൻ അറസ്റ്റിലാകുന്നത്. കേസിലെ ഏഴു പ്രതികളിലൊരാളായിരുന്നു. ബോംബ് നിർമിക്കാനായി 9 വോൾട്ട് ബാറ്ററി നൽകിയെന്നാരോപിച്ചാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. നീണ്ടകാലത്തെ നിയമപോരാട്ടത്തിനൊടുവിലാണ് പേരറിവാളൻ ജയിൽ മോചിതനായത്.