ഇറാന് രക്ഷാമാര്‍ഗമൊരുക്കി പാകിസ്ഥാന്‍;കരയും കടലും ചരക്കുകടത്താന്‍ തുറന്നിടും
ഇസ്ലാമബാദ്: അമേരിക്കൻ നാവിക ഉപരോധത്തിൽ വലഞ്ഞ ഇറാന് രക്ഷാമാർഗമൊരുക്കി പാകിസ്ഥാൻ. കരയിലും കടലിലുമായി രണ്ടു മാർഗങ്ങളാണ് അയൽരാജ്യമായ ഇറാനുവേണ്ടി തുറന്നുനൽകുന്നത്.
നിലവിൽ ഇറാൻ തുറമുഖത്തുനിന്നും പുറത്തെത്തുന്നതും അവിടേക്കു പോകുന്നതുമായ എല്ലാ കപ്പലുകൾക്കും യുഎസ് ഏർപ്പെടുത്തിയ ഉപരോധം തുടരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇറാനുമായി കരയിലും കടലിലും അതിർത്തി പങ്കിടുന്ന പാകിസ്ഥാൻ ചരക്ക് പുറത്തെത്തിക്കാനുള്ള പുതിയ മാർഗം വാഗ്ദാനം ചെയ്യുന്നത്. ഇതോടെ ഇറാന്റെ തീരക്കടലിനു പുറത്തുകടക്കാതെതന്നെ പാക് തീരക്കടലിലൂടെ ഇറാൻ കപ്പലുകൾക്ക് അറബിക്കടലിലെത്താനാകും. നാവിക ഉപരോധങ്ങളെ സംബന്ധിച്ച രാജ്യാന്തര ധാരണപ്രകാരം ഇത് അനുവദനീയവുമാണ്.എണ്ണക്കപ്പലുകൾക്ക് കടൽമാർഗം തന്നെ യാത്രചെയ്ത് പാകിസ്ഥാന്റെ മക്രാൻ തീരത്തിനടുത്ത് പ്രവേശിക്കാനും തിരിച്ച് ഇറാനിലേക്കുള്ള കപ്പലുകൾക്ക് പാകിസ്ഥാൻ തീരം വഴി ഇറാനിലേക്കെത്താനുമാണ് അനുമതി ലഭിച്ചിരിക്കുന്നത്. ഉപരോധം കാരണം അവശ്യസാധനങ്ങൾപോലും ഇറക്കുമതിചെയ്യാനാവാതെ കുരുക്കിലായ ഇറാന് ഇത് വലിയ ആശ്വാസമാകും.
കടൽമാർഗത്തിനു പുറമേ കരയിലൂടെയുള്ള ചരക്കുഗതാഗതവും പാകിസ്ഥാൻ സാധ്യമാക്കും. 900 കിലോമീറ്ററാണ് ഇരുരാജ്യങ്ങളും പങ്കിടുന്ന അതിർത്തിയുടെ ദൂരം. ഇതുവഴി ഇറാന് എളുപ്പം ചരക്കുകൾ കടത്തിവിടാനാകും. ഇറാനിലേക്കു വരുന്ന ചരക്കുകൾ പാക് തുറമുഖങ്ങളിൽ ഇറക്കിയശേഷം റോഡ് മാർഗം ഇറാൻ അതിർത്തിയിലെത്തിക്കാനും പാക് വാണിജ്യ മന്ത്രാലയം അനുമതി നൽകിയിട്ടുണ്ട്.ഉപരോധം തുടരുന്നതോടെ എണ്ണക്കിണറുകൾ കവിയുകയും നിർമാണം നിർത്തിവെക്കേണ്ട സാഹചര്യം ഉണ്ടാവുകയും ചെയ്യുമെന്ന ഭീതിയിലായിരുന്നു ഇറാൻ. അടുത്ത പത്തു ദിവസത്തിനുള്ളിൽ ഖാർഗ് ദ്വീപിലെ എണ്ണക്കിണറുകൾ പൂർണമായും നിറയുമെന്നും റിപ്പോർട്ടുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ പാകിസ്ഥാന്റെ സഹായം ഇറാന് നിർണായകമാണ്.യുഎസ്- ഇറാൻ രണ്ടാംഘട്ട ചർച്ചാശ്രമത്തിനായി ഇറാനിലെത്തിയ പാക് സേനാമേധാവിക്കൊപ്പം വാണിജ്യവകുപ്പ് ഉദ്യോഗസ്ഥരും സൈനിക ഓപ്പറേഷൻസ് ഡയറക്ടർ ജനറലുമുണ്ടായിരുന്നു. നാവിക ഉപരോധത്തിലൂടെ ഇറാനെ തളക്കാമെന്നു കണക്കൂട്ടിയ അമേരിക്കയ്ക്കിതൊരു തിരിച്ചടിയാണ്. ഇതോടെ പാകിസ്ഥാന്റെ മധ്യസ്ഥതയിൽ സമാധാന ചർച്ചകളോടുള്ള അമേരിക്കയുടെ പ്രതികരണമെന്താകുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.