ഇറാൻ തുറമുഖങ്ങൾക്ക് യു എസ് ഉപരോധം ഏർപ്പെടുത്തി ; ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നു

By :  Devina Das
Update: 2026-04-13 05:11 GMT

വാഷിങ്ടൺ: ഇറാൻ തുറമുഖങ്ങൾക്ക് മേൽ അമേരിക്ക ഉപരോധം ഏർപ്പെടുത്തി. ഇതിനു പിന്നാലെ ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നു. ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളർ കടന്നു. ബെന്റ് ക്രൂഡ് വില 7 ശതമാനം ഉയർന്ന് 102.29 ഡോളറായി. സമാധാന ചർച്ച പരാജയമായതാണ് തിരിച്ചടിയായത്. ഹോർമൂസ് കടലിടുക്കിൽ പട്രോളിങ് നടത്താനാണ് ട്രംപിന്റെ നീക്കം.ഇറാനിലേക്കോ പുറത്തേക്കോ ഉള്ള ‌കപ്പൽ ഗതാഗതത്തിനു തിങ്കളാഴ്ച മുതൽ ഉപരോധം ഏർപ്പെടുത്തുമെന്ന് പശ്ചിമേഷ്യയിലെ അമേരിക്കൻ സേനാ വിഭാഗമായ യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കിയിരുന്നു. ഇറാൻ തുറമുഖങ്ങളിൽ പ്രവേശിക്കുന്നതോ അവിടെനിന്ന് പുറപ്പെടുന്നതോ ആയ എല്ലാ രാജ്യങ്ങളുടെയും കപ്പലുകൾക്ക് ഈ ഉപരോധം ബാധകമായിരിക്കും. ഒരു രാജ്യത്തിനും ഇതിൽ ഇളവ് നൽകില്ലെന്നാണ് അറിയിപ്പ്.എന്നാൽ ഇറാൻ ഇതര രാജ്യങ്ങളിലെ തുറമുഖങ്ങളിലേക്ക് ഹോർമുസ് കടലിടുക്ക് വഴി പോകുന്ന കപ്പലുകളെ തടയില്ല. ഹോർമുസ് കടലിടുക്കിൽ നാവിക ഉപരോധം ഏർപ്പെടുത്തുമെന്ന അമേരിക്കയുടെ ഭീഷണിയെ പരിഹസിച്ച് ഇറാനിയൻ ഉദ്യോഗസ്ഥർ രംഗത്തെത്തി. ട്രംപിന്റെ ഭീഷണികൾ ചിരിക്കാൻ വകയുള്ളതെന്ന് നേവി കമാൻഡർ അഡ്മിറൽ ഷഹറാം ഇറാനി പറഞ്ഞു. മേഖലയിലെ യുഎസ് സൈനിക നീക്കങ്ങൾ ഇറാൻ സേന നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Similar News