റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ;ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് ഇളവുകള്‍ നീട്ടി അമേരിക്ക

By :  Devina Das
Update: 2026-04-18 07:19 GMT

വാഷിങ്ടൺ: ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്ക് റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്നതിനുള്ള അനുമതി 30 ദിവസത്തേക്ക് കൂടി നീട്ടി അമേരിക്ക. 2026 മേയ് 16 വരെ രാജ്യങ്ങൾക്ക് ഉപരോധം ഭയപ്പെടാതെ റഷ്യയിൽ നിന്ന് എണ്ണ വാങ്ങാമെന്ന് യുഎസ് ട്രഷറി ഡിപ്പാർട്ട്മെന്റ് ഉത്തരവ് പുറപ്പെടുവിച്ചു. ആഗോള വിപണിയിലെ എണ്ണവില നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നീക്കം.റഷ്യൻ ഇറക്കുമതി ഉപരോധത്തിൽ മാർച്ച് മുതൽ അമേരിക്ക അനുവദിച്ച ഇളവുകൾ നീട്ടുകയില്ലെന്ന് യുഎസ് ട്രഷറി സെക്രട്ടറി ബെസ്സന്റ് പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനത്തിന് രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് പുതിയ അറിയിപ്പുണ്ടായിരിക്കുന്നത്. റഷ്യൻ എണ്ണയുടെ പ്രധാന ഉപഭോക്താക്കളിലൊന്നായ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ തീരുമാനം വലിയ ആശ്വാസമാണ് നൽകുന്നത്. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ കാരണം എണ്ണവില വർധിക്കുന്ന സാഹചര്യത്തിൽ, കുറഞ്ഞ നിരക്കിൽ റഷ്യയിൽ നിന്ന് എണ്ണ ലഭിക്കുന്നത് തുടരുന്നത് ഇന്ത്യൻ സമ്പദ്വ്യവസ്ഥയ്ക്ക് കരുത്താകും. ഇതിനകം തന്നെ ഏകദേശം 30 ദശലക്ഷം ബാരൽ റഷ്യൻ എണ്ണയ്ക്കായി ഇന്ത്യ ഓർഡർ നൽകിക്കഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ.ഏപ്രിൽ 17-ന് മുമ്പ് കപ്പലുകളിൽ കയറ്റിയ എണ്ണയ്ക്കും പെട്രോളിയം ഉൽപ്പന്നങ്ങൾക്കുമാണ് ഇളവ് ബാധകമാകുന്നത്. ഇറാൻ, ക്യൂബ, ഉത്തര കൊറിയ എന്നീ രാജ്യങ്ങളുമായുള്ള എണ്ണ ഇടപാടുകൾക്ക് ഈ ഇളവ് ലഭിക്കില്ലെന്ന് യുഎസ് ട്രഷറി വ്യക്തമാക്കിയിട്ടുണ്ട്. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങൾ ആഗോള ഊർജ്ജ വിതരണത്തെ ബാധിക്കാതിരിക്കാനും വിലക്കയറ്റം തടയാനുമാണ് അമേരിക്കയുടെ ഈ നീക്കം.

Similar News