ഹോര്‍മൂസ് കടലിടുക്കില്‍ യുഎസിന്റെ ഉപരോധം;തങ്ങളുടെ അംഗീകാരമില്ലാതെ ഒരു കപ്പലും കടത്തിവിടില്ല,ട്രംപ്
വാഷിങ്ടൺ: ഹോർമൂസ് കടലിടുക്കിൽ യു എസ് ഉപരോധം തുടങ്ങി , തങ്ങളുടെ അംഗീകാരമില്ലാതെ ഒരു കപ്പലും കടത്തിവിടില്ലെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. ഉപരോധം ലംഘിക്കാൻ ശ്രമിക്കുന്ന ഇറാനിയൻ നാവികസേനാ കപ്പലുകളെ തകർക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി .
നിശ്ചിത സമയപരിധി അവസാനിച്ചതോടെയാണ് ഇറാനിയൻ തുറമുഖങ്ങളിലേക്കുള്ള കപ്പലുകളുടെ വരവും പോക്കും യുഎസ് സെൻട്രൽ കമാൻഡ് തടഞ്ഞു തുടങ്ങിയത്. ഇറാനിയൻ നാവികസേനയെ ഇതിനോടകം തന്നെ അമേരിക്ക തകർത്തുകഴിഞ്ഞെന്നും 158 ഇറാനിയൻ കപ്പലുകൾ കടലിന്റെ അടിത്തട്ടിലാണെന്നും ട്രംപ് അവകാശപ്പെട്ടു. അവശേഷിക്കുന്ന ഇറാനിയൻ 'ഫാസ്റ്റ് അറ്റാക്ക്' കപ്പലുകൾ ഉപരോധ മേഖലയിലേക്ക് വന്നാൽ അവ നശിപ്പിക്കുമെന്നും ട്രംപ് പറഞ്ഞു.ഇറാനിലെ എല്ലാ തുറമുഖങ്ങളിലും തിങ്കളാഴ്ച മുതൽ ഉപരോധം ഏർപ്പെടുത്താൻ യുഎസ് സൈന്യം തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് ഇറാനിയൻ തീരപ്രദേശവും ഊർജമേഖലയും അമേരിക്കയുടെ നിയന്ത്രണ പരിധിയിൽ വരുമെന്ന് സമുദ്ര സുരക്ഷാ മേഖലയിലെ അതോറിറ്റിയായ യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് ഏജൻസി അറിയിച്ചു.
ഇറാനുമായുള്ള സമാധാന ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്ന്, അവരുടെ സാമ്പത്തിക സ്രോതസ്സായ എണ്ണ കയറ്റുമതി തടയുക എന്ന ലക്ഷ്യത്തോടെയാണ് യുഎസ് ഉപരോധ നടപടി സ്വീകരിച്ചിരിക്കുന്നത്.