അമേരിക്കയും ഇറാനും തമ്മില്‍ സമാധാന കരാറിലെത്തി; 19ന് ഒപ്പിടും
വാഷിങ്ടൺ: അമേരിക്കയും ഇറാനും തമ്മിൽ സമാധാന കരാറിലെത്തിയതായി പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അറിയിച്ചു . ലബനൻ ഉൾപ്പെടെയുള്ള എല്ലാ യുദ്ധമുഖങ്ങളിലും സൈനിക നടപടികൾ ഉടനടി സ്ഥിരമായി അവസാനിപ്പിക്കാൻ ഇരുപക്ഷവും സമ്മതിച്ചതായും അദ്ദേഹം പറഞ്ഞു. ജൂൺ 19ന് ഇത് സംബന്ധിച്ച ഔദ്യോഗിക കരാറിൽ ഒപ്പുവെക്കുമെന്നും ഷെഹ്ബാസ് ഷെരീഫ് എക്‌സിൽ കുറിച്ചു.സ്വിറ്റ്സർലൻഡിൽ വച്ചാണ് കരാറിൽ ഒപ്പുവയ്ക്കുക. കരാറിന്റെ അന്തിമ രൂപരേഖ തയ്യാറാക്കാനായി ഇരുവിഭാഗത്തിലെയും മധ്യസ്ഥർ പങ്കെടുക്കുന്ന നിർണായക യോഗങ്ങൾ ഈ ആഴ്ച നടക്കും.
അമേരിക്കയ്ക്കും ഇറാനും ഷെഹ്ബാസ് ഷെരീഫ് നന്ദി അറിയിച്ചു. ചർച്ചകൾ വിജയകരമാക്കാൻ പിന്തുണ നൽകിയ ഖത്തറിനും, കരാർ യാഥാർഥ്യമാക്കുന്നതിൽ നിർണായക സംഭാവനകൾ നൽകിയ സൗദി അറേബ്യ, തുർക്കി എന്നീ രാജ്യങ്ങളുടെ നേതൃത്വത്തിനും അദ്ദേഹം നന്ദി അറിയിച്ചു.ഇറാനുമായുള്ള സമാധാന കരാർ പൂർത്തിയായതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് സ്ഥിരീകരിച്ചു. ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ പ്രതികരണം. ആഗോള എണ്ണക്കടത്തിന്റെ പ്രധാന പാതയായ ഹോർമുസ് കടലിടുക്ക് യാതൊരുവിധ നികുതികളും ഈടാക്കാതെ പൂർണമായി തുറന്നു കൊടുക്കാൻ ട്രംപ് ഉത്തരവിട്ടു. ലോകത്തിലെ കപ്പലുകളേ, നിങ്ങളുടെ എൻജിനുകൾ സ്റ്റാർട്ട് ചെയ്യൂ. എണ്ണ ഒഴുകട്ടെയെന്നും ട്ര്ംപ് പറഞ്ഞു.
സമാധാന കരാർ പൂർത്തിയായതായി ഇറാനും സ്ഥിരീകരിച്ചു. യുദ്ധം അവസാനിപ്പാക്കാൻ അമേരിക്ക നിർബന്ധിതരായെന്ന് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.