ബിബിസിയിൽ വൻ പ്രതിസന്ധി ;2000 ജീവനക്കാരെ പിരിച്ചുവിടുന്നു ,അപ്‌ഡേറ്റാവുക ലക്ഷ്യം; ലാഭം 6438 കോടി

By :  Devina Das
Update: 2026-06-15 10:59 GMT

ലോകത്തിലെ ഏറ്റവും വലിയ വാർത്താ സ്ഥാപനങ്ങളിലൊന്നായ ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷൻ (BBC) ചെലവ് ചുരുക്കൽ നടപടിയുടെ ഭാഗമായി 2000 ത്തോളം ജീവനക്കാരെ പിരിച്ചുവിടുന്നു.

വാർഷിക ബജറ്റിൽ 10 ശതമാനം കുറവ് വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പുനഃസംഘടന പദ്ധതി നടപ്പിലാക്കുന്നത്. മാധ്യമ രംഗത്ത് അതിവേഗം സംഭവിക്കുന്ന സാങ്കേതിക മാറ്റങ്ങളും സാമ്പത്തിക സമ്മർദങ്ങളും പൊതുമാധ്യമ സ്ഥാപനങ്ങൾക്ക് സൃഷ്ടിക്കുന്ന വെല്ലുവിളികളുടെ പശ്ചാത്തലത്തിലാണ് ഇത്തരം നടപടി.

ബിബിസി ഡയറക്ടർ ജനറൽ ടിം ഡേവി ജീവനക്കാർക്ക് അയച്ച സന്ദേശത്തിലാണ് പദ്ധതിയുടെ വിശദാംശങ്ങൾ വ്യക്തമാക്കിയത്. നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ സ്ഥാപനം കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കേണ്ടതുണ്ടെന്നും, അതിനായി ചില കടുത്ത തീരുമാനങ്ങൾ അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വരും വർഷങ്ങളിൽ ബിബിസിക്ക് നൂറുകണക്കിന് മില്യൺ പൗണ്ടിന്റെ അധിക ലാഭം കണ്ടെത്തേണ്ട സാഹചര്യമുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2000 ജീവനക്കാരെ പിരിച്ചുവിടുന്നതിലൂടെ 6438 കോടി രൂപയുടെ ലാഭമാണ് കമ്പനി കണക്കുകൂട്ടുന്നത്.

ബ്രിട്ടനിലെ പൊതുപ്രക്ഷേപണ സ്ഥാപനമായ ബിബിസിയുടെ പ്രധാന വരുമാന സ്രോതസ്സ് ലൈസൻസ് ഫീയാണ്. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി പരമ്പരാഗത ടെലിവിഷൻ പ്രേക്ഷകരുടെ എണ്ണം കുറഞ്ഞുവരികയും ഡിജിറ്റൽ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളുടെ സ്വാധീനം വർധിക്കുകയും ചെയ്തതോടെ സാമ്പത്തിക സ്രോതസ് വെല്ലുവിളി നേരിടുകയാണ്. നെറ്റ്ഫ്‌ലിക്‌സ്, യൂട്യൂബ്, ആമസോൺ പ്രൈം വീഡിയോ തുടങ്ങിയ സേവനങ്ങളുമായി മത്സരിക്കേണ്ട സാഹചര്യം ബിബിസിയെ പുതിയ തന്ത്രങ്ങൾ സ്വീകരിക്കാൻ നിർബന്ധിതമാക്കുകയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

പിരിച്ചുവിടൽ നടപടികൾ എല്ലാ വിഭാഗങ്ങളെയും ഒരുപോലെ ബാധിക്കുമോയെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. വാർത്താ വിഭാഗം, അഡ്മിനിസ്‌ട്രേഷൻ, സാങ്കേതിക സേവനങ്ങൾ, പിന്തുണാ വിഭാഗങ്ങൾ എന്നിവയിൽ ജീവനക്കാരുടെ എണ്ണം കുറയ്ക്കാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ചില മേഖലകളിൽ സ്വമേധയാ വിരമിക്കൽ പദ്ധതികളും നടപ്പിലാക്കാൻ സാധ്യതയുണ്ട്.

ബിബിസിയുടെ തീരുമാനത്തിൽ തൊഴിലാളി സംഘടനകൾ ആശങ്ക പ്രകടിപ്പിച്ചു. ജീവനക്കാരെ കുറയ്ക്കുന്നത് വാർത്താ ശേഖരണത്തിന്റെയും പൊതുസേവന പ്രക്ഷേപണത്തിന്റെയും നിലവാരത്തെ ബാധിക്കാമെന്നാണ് അവരുടെ മുന്നറിയിപ്പ്. അതേസമയം, ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലേക്കുള്ള നിക്ഷേപം വർധിപ്പിക്കുകയാണ് ബിബിസിയുടെ ദീർഘകാല ലക്ഷ്യം. യുവ പ്രേക്ഷകരെ കൂടുതൽ ആകർഷിക്കുന്നതിനും ഓൺലൈൻ വാർത്താ സേവനങ്ങൾ ശക്തിപ്പെടുത്തുന്നതിനുമായി വിഭവങ്ങൾ പുനർവിന്യസിക്കാനാണ് പദ്ധതി. അതിനാൽ പരമ്പരാഗത മേഖലകളിൽ ചെലവ് കുറയ്ക്കുകയും ഡിജിറ്റൽ പ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുകയും ചെയ്യും.

ലോകമാധ്യമരംഗത്ത് വലിയ സ്വാധീനമുള്ള സ്ഥാപനമായ ബിബിസിയുടെ തീരുമാനം മാധ്യമ വ്യവസായം നേരിടുന്ന മാറ്റങ്ങളുടെ മറ്റൊരു സൂചനയായാണ് വിലയിരുത്തപ്പെടുന്നത്. സാമ്പത്തിക പ്രതിസന്ധിയും പ്രേക്ഷകരുടെ മാറുന്ന ശീലങ്ങളും സാങ്കേതിക പുരോഗതിയും ചേർന്നുണ്ടാക്കുന്ന സമ്മർദങ്ങൾക്കിടയിൽ, ഭാവിയിൽ പൊതുമാധ്യമ സ്ഥാപനങ്ങൾ എങ്ങനെ പ്രവർത്തിക്കുമെന്ന ചർച്ചകൾക്കും ബിബിസിയുടെ ഈ നീക്കം പുതിയ വഴിത്തിരിവ് നൽകുകയാണ്.

ലോകത്തിലെ പ്രമുഖ സ്ഥാപനങ്ങളിൽ പലതിലും സമാനമായ പിരിച്ചുവിടൽ സംഭവിക്കുന്നുണ്ട്. മെയ് ആദ്യവാരങ്ങളിൽ മെറ്റ 8000 പേരെ പിരിച്ചുവിടുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. ഐക്കിയയുടെ മേൽനോട്ടം വഹിക്കുന്ന ഹോൾഡിംഗ് കമ്പനിയായ ഇന്റർ ഐക്കിയ ഗ്രൂപ്പ് 27,700 ജീവനക്കാരിൽ നിന്നും 850 പേരെ പിരിച്ചുവിടുകയാണെന്നും പ്രഖ്യാപിച്ചിരുന്നു.

സ്റ്റാർബക്‌സ് ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി മെയ് മാസത്തിൽ 300 കോർപ്പറേറ്റ് ജീവനക്കാരെ പിരിച്ചുവിടുകയും യുഎസിലെ ചില സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയും ചെയ്യാനുള്ള പദ്ധതി പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വർഷം, കമ്പനി 2,000 കോർപ്പറേറ്റ് ജീവനക്കാരെ പിരിച്ചുവിടുകയും യുഎസ്, കാനഡ, യൂറോപ്പ് എന്നിവിടങ്ങളിലെ നൂറുകണക്കിന് സ്റ്റോറുകൾ അടച്ചുപൂട്ടുകയും ചെയ്തു. ഇത്തരം പിരിച്ചുവിടലുകൾക്കു പിന്നിൽ എഐയുടെ കടന്നുവരവാണെന്ന വിമർശനവും ശക്തമാണ്.

Similar News