സര്‍ക്കാരിന്റെ പോക്ക് അത്ര നല്ലതല്ല ;പിണറായിയും കൂട്ടരും സന്തോഷം കൊണ്ട് ആർത്തുവിളിക്കുന്നു , സണ്ണി ജോസഫിനോട് ടി പത്മനാഭന്‍

By :  Devina Das
Update: 2026-06-15 07:50 GMT

കണ്ണൂർ: സർക്കാരിന്റെ പോക്ക് അത്ര നല്ലതല്ലെന്നും പിണറായിയും കൂട്ടരും ആർത്തുവിളിക്കുകയാണെന്നും സണ്ണി ജോസഫിനെ ഓർമിപ്പിച്ച് കഥാകൃത്ത് ടി പത്മനാഭൻ. മന്ത്രിയായ ശേഷം പത്മനാഭനെ കാണാൻ വീട്ടിലെത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ ഇത്തരത്തിലുള്ള പ്രതികരണം. വിട്ടിലെത്തിയ സണ്ണി ജോസഫിനോട് സർക്കാർ എങ്ങനെയുണ്ടെന്ന് ചോദിച്ചപ്പോൾ നന്നായി പോകുന്നുവെന്നായിരുന്നു മന്ത്രിയുടെ മറുപടി. 'നന്നായി തന്നെയാണോ പോകുന്നത്. ഈ സർക്കാരിന്റെ പോക്ക് അത്ര നല്ലതല്ല. നന്നായാൽ നല്ലത്.' പത്മനാഭൻ പറഞ്ഞു.'ആ വക്കീലിനെ നിയമിച്ചത് ശരിയായില്ല. പിണറായിയും കൂട്ടരും സന്തോഷം കൊണ്ട് ആർത്തുവിളിക്കുകയാണ്'-കഥാകൃത്തിന്റെ വാക്കുകൾക്ക് മുന്നിൽ മറുപടിയൊന്നും പറയാതെ മന്ത്രി പുഞ്ചിരിച്ചു. 'രാജ്യത്തെതന്നെ ഏറ്റവും പഴയ കോൺഗ്രസുകാരനാണ് ഞാൻ. 10 വയസ്സാകും മുൻപ് കണ്ണൂർ വിളക്കുംതറയിൽ നടന്ന കോൺഗ്രസ് സത്യാഗ്രഹത്തിൽ പങ്കെടുത്തയാളാണ്. ക്വിറ്റിന്ത്യാസമരത്തിലും പങ്കെടുത്തിട്ടുണ്ട്. 1943 മുതൽ ഖാദി വസ്ത്രമാണ് ഉടുക്കുന്നത്.

ലോകം മുഴുവൻ ഖദർമുണ്ടും ഷർട്ടുമിട്ടാണ് യാത്ര ചെയ്തത്. ചെറുപ്പക്കാരായ ന്യൂജൻ കോൺഗ്രസ് നേതാക്കൾക്ക് ഖദറിടുന്നവരോട് പുച്ഛമാണ്. അതിൽ സങ്കടമുണ്ട്. വികെ കൃഷ്ണമേനോൻ വിദേശത്ത് കോട്ടിട്ട് നടന്നാലും നാട്ടിലെത്തിയാൽ ഖദർവസ്ത്രമാണ് ധരിക്കുക' -അദ്ദേഹം പറഞ്ഞുനിർത്തി.സംസാരം യാത്രയിലേക്കും യാത്രാവിവരണത്തിലേക്കും കടന്നു. 'ഞാൻ നിരവധി രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ടെങ്കിലും യാത്രാവിവരണം എഴുതില്ലെന്ന് തീരുമാനിച്ചതാണ്.

എസ്. ഉദ്യോഗസ്ഥർ, താമസിക്കുന്ന ഹോട്ടലുകളിലെ ടൂറിസം പ്രചാരണ പുസ്തകങ്ങൾ ഉപയോഗിച്ച് യാത്രാവിവരണങ്ങൾ എഴുതിയിട്ടുണ്ട്. ഇതൊക്കെ കൊണ്ടാണ് യാത്രാവിവരണം എഴുതേണ്ടെന്ന് തീരുമാനിച്ചത് -അദ്ദേഹം പറഞ്ഞു. മുൻ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഭാഷാജ്ഞാനത്തെയും വിജ്ഞാനത്തെയും വായനയെക്കുറിച്ചുമെല്ലാം പത്മനാഭൻ പുകഴ്ത്തി. മുഖ്യമന്ത്രി വിഡി സതീശൻ കണ്ണൂരിലേക്ക് വരുന്നത് എപ്പോഴാണെന്ന്കൂടി മടങ്ങും മുൻപ് മന്ത്രിയോട് അദ്ദേഹം അന്വേഷിച്ചു.

Similar News