ജനവിധി അറിയാൻ ഇനി രണ്ട് നാൾ;പ്രതീക്ഷയിൽ മുന്നണികൾ
തിരുവനന്തപുരം; ദിവസങ്ങളുടെ കാത്തിരിപ്പിന് ശേഷം തെരഞ്ഞെടുപ്പിലെ ജനവിധിയറിയാൻ ഇനി രണ്ടുപകലുകൾ മാത്രം ശേഷിക്കെ മൂന്നുമുന്നണികളും തികഞ്ഞ വിജയപ്രതീക്ഷയിൽ. യുഡിഎഫ് ഭരണത്തിൽ തിരിച്ചെത്തുമെന്ന എക്‌സിറ്റ് പോളുകൾ അങ്ങനെ തന്നെയാകുമെന്നും, എക്‌സിറ്റ്‌പോളുകൾ അല്ല യഥാർഥ ജനവിധിയെന്ന് എൽഡിഎഫും കണക്കുകൂട്ടുന്നു. വോട്ടിങ് ശതമാനം ഇരുപത് ശതമാനം ഉയർത്തി പ്രബലശക്തിയാകാൻ കഴിയുമെന്നാണ് എൻഡിഎയുടെ വിലയിരുത്തൽ. കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനം ഉറപ്പിക്കാൻ ബലാബലം തുടരുമ്പോൾ, ചർച്ചയുടെ ആവശ്യമില്ലെന്നും പിണറായി ക്യാപ്റ്റനായി മൂന്നാം സർക്കാർ രൂപികരിക്കുമെന്നുമാണ് എൽഡിഎഫ് നേതാക്കൾ പങ്കിടുന്ന പ്രതീക്ഷ.ഭൂരിഭാഗം സർവേകളും തങ്ങൾക്ക് അനുകൂലമായ ഫലങ്ങൾ പ്രവചിച്ചതിന്റെ ആത്മവിശ്വാസമാണ് യുഡിഎഫിനുള്ളത്. 90 വരെ സീറ്റുകൾ തങ്ങൾക്ക് അനുകൂലമാകുമെന്നാണ് യുഡിഎഫ് ഉറച്ചുവിശ്വസിക്കുന്നത്. എന്നാൽ എക്‌സിറ്റ് പോൾ ഫലങ്ങൾ പാടെ തള്ളുകയാണ് എൽഡിഎഫ്. സംസ്ഥാനത്ത് ഭരണവിരുദ്ധവികാരം തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചില്ലെന്നും നേരിയ ഭൂരിപക്ഷമായാലും കേരളത്തിൽ ഭരണത്തുടർച്ച ഉറപ്പെന്നാണ് എൽഡിഎഫ് നേതാക്കൾ പ്രകടിപ്പിക്കുന്നത്.ഒന്ന് മതൽ അഞ്ച് സീറ്റുവരെ നേടുമെന്ന പ്രതീക്ഷയിലാണ് ബിജെപിയും. കേരളത്തിൽ എൻഡിഎ മികച്ച മുന്നേറ്റം ഉറപ്പെന്ന് ബിജെപി നേതാക്കളും പറയുന്നു. ഇത്തവണ വോട്ടിങ് ശതമാനം ഇരുപതിലേക്ക് ഉയരുമെന്നും എൻഡിഎ കേരളത്തിലെ നിർണായശക്തിയാകുമെന്നുമാണ് ബിജെപി വിലയിരുത്തൽ. എക്‌സിറ്റ്‌പോളുകളും എൻഡിഎക്ക് ആത്മവിശ്വാസം നൽകുന്നു. മോദിയുടെ വികസനപ്രവർത്തനങ്ങൾ മുൻനിർത്തിയുള്ള ദേശീയനേതാക്കളുടെ പ്രചാരണവും ന്യൂനപക്ഷ, നായർ, ഈഴവ വോട്ടുകളും ഇത്തവണ കൂടുതൽ ലഭിച്ചെന്നും സംസ്ഥാനത്ത് തൂക്കുസഭ വരുമെന്നും ബിജെപി വിലയിരുത്തുന്നു.
അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ ഏറെക്കുറെ പൂർത്തിയായി. ഇന്ന്് കൂടി ജീവനക്കാർക്കുള്ള പരിശീലനം ഉണ്ട്. രാവിലെ എട്ട് മണിയോടെ വോട്ടെണ്ണൽ ആരംഭിക്കും. പതിനൊന്ന് മണിയോടെ കേരളം ആര് ഭരിക്കുമെന്ന് അറിയാൻ കഴിയും.