ചൊവ്വാഴ്ചയ്ക്കകം കരാറിലെത്തണം;ഇല്ലെങ്കിൽ ഇറാനെ തകർക്കും , ഭീഷണിയുമായി ട്രംപ്

By :  Devina Das
Update: 2026-04-06 05:09 GMT

വാഷിംഗ്ടൺ: ചൊവ്വാഴ്ചയ്ക്കകം സമാധാന കരാറിൽ എത്തിയില്ലെങ്കിൽ ഇറാനെ പൂർണ്ണമായും തകർക്കുമെന്ന ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനിൽ പൊതുജനം ആശ്രയിക്കുന്ന അടിസ്ഥാന സൗകര്യങ്ങൾ ആക്രമിക്കുമെന്നാണ് ട്രംപിന്റെ ഭീഷണി.ഇതിന് മറുപടിയായി ഇസ്രയേലിലെയും ഗൾഫ് രാജ്യങ്ങളിലെയും സമാനമായ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണം നടത്തുമെന്ന് ഇറാനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.'അടുത്ത 48 മണിക്കൂറിനുള്ളിൽ ഇറാനുമായി സമാധാന കരാറിൽ എത്തിയില്ലെങ്കിൽ, ഞങ്ങൾ ആ രാജ്യം മുഴുവൻ തകർക്കും. സമാധാന കരാറിന് നല്ല സാധ്യതയുണ്ട്. എന്നാൽ അവർ അതിന് തയ്യാറായില്ലെങ്കിൽ ഞാൻ അവിടുത്തെ സകലതും തകർക്കും,'- ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.

ഇറാൻ ഇപ്പോൾത്തന്നെ നശിച്ചുകൊണ്ടിരിക്കുകയാണെന്നും ഓരോ ദിവസം കഴിയുന്തോറും സ്ഥിതി വഷളാകുമെന്നും അദ്ദേഹം അവകാശപ്പെട്ടു. 'ഓരോ ദിവസവും അവർക്ക് കൂടുതൽ പാലങ്ങളും പവർ പ്ലാന്റുകളും മറ്റും നിർമ്മിക്കേണ്ടി വരും. ഇത്രയധികം പ്രഹരമേറ്റ മറ്റൊരു രാജ്യം ഇതിനുമുമ്പ് ഉണ്ടായിട്ടില്ല,'- ട്രംപ് പറഞ്ഞു.തന്റെ നടപടികൾ മൂലം ഉണ്ടായേക്കാവുന്ന വൻതോതിലുള്ള ആൾനാശത്തെക്കുറിച്ചുള്ള ആശങ്കകൾ ട്രംപ് തള്ളിക്കളഞ്ഞു. സർക്കാരിനെ എതിർക്കുന്ന ആളുകൾ ഭരണകൂടത്തെ ദുർബലപ്പെടുത്തുന്ന ഇത്തരം ആക്രമണങ്ങളെ പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. 'അവർ ഭയത്തിലാണ് കഴിയുന്നത്. യുദ്ധത്തിന്റെ പാതിവഴിയിൽ ഞങ്ങൾ പിന്മാറുമെന്ന് അവർ ഭയപ്പെടുന്നു, എന്നാൽ ഞങ്ങൾ പിന്മാറില്ല,' - അദ്ദേഹം പറഞ്ഞു.ഹോർമുസ് കടലിടുക്ക് തുറക്കുന്നതിന് പകരമായി വെടിനിർത്തൽ കരാറിലെത്താൻ പാകിസ്ഥാൻ, ഈജിപ്ത്, തുർക്കി എന്നിവ മുഖേന കഴിഞ്ഞ രണ്ടാഴ്ചയായി അമേരിക്കയും ഇറാനും പരോക്ഷ ചർച്ചകൾ നടത്തിയിരുന്നുവെങ്കിലും കാര്യമായ പുരോഗതിയൊന്നും ഉണ്ടായിട്ടില്ല.

Similar News