ഒമാന്‍ തീരത്തിന് സമീപം കപ്പലാക്രമണം; മൂന്ന് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ടു
ന്യൂഡൽഹി: ഒമാൻ തീരത്തിന് സമീപം യുഎസ് സൈന്യം നടത്തിയ ആക്രമണത്തിന് പിന്നാലെ കാണാതായ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടതായി കേന്ദ്ര ഷിപ്പിങ് മന്ത്രി സർബാനന്ദ സോനോവാൾ സ്ഥീരീകരിച്ചു.
നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് കപ്പലിന് നേരെ തങ്ങളുടെ സൈന്യം 'കൃത്യതയാർന്ന' (precision) ആക്രമണം നടത്തിയതെന്നാണ് യുഎസിന്റെ വാദം. ഈ ടാങ്കർ ഇറാനിൽ നിന്നുള്ള എണ്ണയാണ് കൊണ്ടുപോയിരുന്നതെന്നും യുഎസ് അവകാശപ്പെടുന്നു. അതേസമയം, ഈ ആക്രമണത്തിന് പിന്നാലെ ഇന്ത്യ യുഎസ് ഡെപ്യൂട്ടി ചീഫ് ഓഫ് മിഷനെ വിളിച്ചുവരുത്തി ആക്രമണത്തിൽ തങ്ങളുടെ 'ശക്തമായ പ്രതിഷേധം' രേഖപ്പെടുത്തി.'സെറ്റെബെല്ലോ' എന്ന ടാങ്കർ കപ്പലിന് നേരെ നടന്ന ആക്രമണത്തെ തുടർന്ന്, വിദേശകാര്യ മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറി നാഗരാജ് നായിഡു, അമേരിക്കയുടെ ഉദ്യോഗസ്ഥൻ ജേസൺ മീക്‌സിനെയാണ് വിളിച്ചുവരുത്തിയത്. തുടർന്ന് ഇന്ത്യ ആക്രമണത്തെ ശക്തമായി അപലപിക്കുകയും കപ്പലിലുണ്ടായിരുന്ന ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയിൽ ആശങ്ക രേഖപ്പെടുത്തുകയും ചെയ്തു. 'ഒമാൻ തീരത്ത് വാണിജ്യ കപ്പലായ സെറ്റെബെല്ലോയ്ക്ക് നേരെ ഇന്ന് നടന്ന ആക്രമണത്തെ ഞങ്ങൾ അപലപിക്കുന്നു,'- എന്ന് വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.ആക്രമണം നടക്കുന്ന സമയത്ത് കപ്പലിൽ 24 ഇന്ത്യൻ ജീവനക്കാരുണ്ടായിരുന്നതായി മന്ത്രാലയം അറിയിച്ചു. ഇതിൽ 21 ഇന്ത്യക്കാരെ രക്ഷപ്പെടുത്തിയതായും മന്ത്രാലയം വ്യക്തമാക്കി. പശ്ചിമേഷ്യയിൽ വീണ്ടും ആക്രമണങ്ങൾ നടക്കുന്നതിൽ ഇന്ത്യ ആശങ്ക രേഖപ്പെടുത്തി. 100 ദിവസമായി തുടരുന്ന സംഘർഷം മനുഷ്യ ദുരിതം കൂട്ടുകയാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ആഗോള തലത്തിൽ ഉർജ്ജ സുരക്ഷയേയും സാമ്പത്തിക ഭദ്രതയേയും ഇത് ബാധിക്കുകയാണ്. എല്ലാ കക്ഷികളും നയതന്ത്ര നീക്കത്തിലൂടെ പ്രശ്നം പരിഹരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.