കെഎസ്ആര്‍ടിസിയിൽ സ്ത്രീകളുടെ സൗജന്യയാത്ര ;സമരത്തിനൊരുങ്ങി സ്വകാര്യ ബസുകള്‍

By :  Devina Das
Update: 2026-06-11 10:30 GMT

തൃശൂർ: കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചുകൊണ്ടുള്ള സർക്കാർ പദ്ധതിക്കെതിരെ സമരത്തിനൊരുങ്ങി സ്വകാര്യ ബസുകൾ. കെഎസ്ആർടിസിയിലെ സൗജന്യ യാത്ര തങ്ങളുടെ നിലനിൽപ്പിനെ ബാധിക്കും. ബജറ്റിൽ അനുകൂല പ്രഖ്യാപനം ഉണ്ടായില്ലെങ്കിൽ 19ന് ശേഷം ബസ് സർവീസ് നിർത്തിവെക്കുമെന്നാണ് ഓൾ കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ മുന്നറിയിപ്പ്.

തൃശൂരിൽ ചേർന്ന ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ യോഗമാണ്, കെഎസ്ആർസിയിലെ സൗജന്യം യാത്രയിൽ പ്രതിഷേധിച്ചത്. സ്ത്രീ യാത്രക്കാർ കൂടി ഇല്ലെങ്കിൽ സർവീസ് നടത്താൻ കഴിയില്ലെന്നും, വൻ നഷ്ടമാണ് സഹിക്കേണ്ടി വരികയെന്നും ബസ് ഉടമകൾ ചൂണ്ടിക്കാട്ടി. സ്വകാര്യ ബസ് മേഖലയെ തകർക്കുന്ന പ്രഖ്യാപനമാണ് ഇപ്പോൾ വന്നിരിക്കുന്നത്.

വിദ്യാർത്ഥികളുടെ നിരക്ക് വർധിപ്പിച്ചിട്ട് 15 വർഷമായി. സർക്കാർ പറഞ്ഞ പൈസയ്ക്കാണ് സ്വകാര്യ ബസുകൾ ഓടുന്നത്. സർവീസ് നിർത്തിയാൽ നിരവധി പേർക്ക് തൊഴിൽ നഷ്ടമാകും. സ്വകാര്യ ബസുകൾ നിലനിൽക്കാൻ പാക്കേജ് വേണം. കെഎസ്ആർടിസിക്ക് നൽകുന്ന ആനുകൂല്യങ്ങൾ സ്വകാര്യ ബസ് സർവ്വീസിനും വേണം. മേഖലയെ സംരക്ഷിക്കുന്ന തീരുമാനമുണ്ടായില്ലെങ്കിൽ ബജറ്റിന് ശേഷം സ്വകാര്യ ബസ് പണിമുടക്കുണ്ടാകുമെന്നും ഉടമകൾ പറഞ്ഞു.

Similar News