ന്യൂസ്‌ക്ലിക്കിനും സ്ഥാപകൻ പ്രബീര്‍ പുരകായസ്തക്കും എതിരെയുള്ള ഇഡിയുടെ കേസ് ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി

By :  Devina Das
Update: 2026-06-11 06:11 GMT

ന്യൂഡൽഹി: അനധികൃതമായി വിദേശഫണ്ട് സ്വീകരിച്ചു എന്ന ആരോപണത്തെത്തുടർന്ന് വാർത്താപോർട്ടലായ ന്യൂസ്‌ക്ലിക്കിനും സ്ഥാപകനായ പ്രബീർ പുരകായസ്തക്കും എതിരെയുള്ള ഇഡിയുടെ കേസ് ഡൽഹി ഹൈക്കോടതി റദ്ദാക്കി. ഡൽഹി പൊലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്റെ എഫ്‌ഐആറും ഇഡി.യുടെ ഇസിഐആറുമാണ് കോടതി റദ്ദാക്കിയത്. ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് നീനാ ബൻസാൽ കൃഷ്ണയുടേയാണ് ഉത്തരവ്.

ഏകദേശം ഒന്നരവർഷമായി ഇഡി അന്വേഷണങ്ങൾ നടത്തുകയാണ്. എന്നാൽ, ഇതുവരെ കുറ്റകരമായ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. എഫ്‌ഐആറുകളിലെ ആരോപണങ്ങൾ ശരിയാണെന്ന് അംഗീകരിച്ചാൽ പോലും അതിൽ ചേർത്തിട്ടുള്ള ജാമ്യമില്ലാ വകുപ്പുകൾ നിലനിൽക്കില്ലായിരുന്നു എന്നും ഹൈക്കോടതി നിരീക്ഷിച്ചു. സ്വതന്ത്രവും നിഷ്പക്ഷവുമായ മാധ്യമപ്രവർത്തനത്തിനെതിരേയുള്ള അധികാര ദുർവിനിയോഗമാണിതെന്നും ഡൽഹി ഹൈക്കോടതി വ്യക്തമാക്കി.

നിയമപ്രകാരമാണ് ന്യൂസ്‌ക്ലിക്ക് വിദേശത്തുനിന്ന് സംഭാവന സ്വീകരിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ചൈനയിൽനിന്ന് പണം സ്വീകരിച്ച് അവർക്ക് അനുകൂലമായ പ്രചാരണം നടത്തി എന്നാരോപിച്ചാണ് കള്ളപ്പണം വെളുപ്പിക്കൽ വകുപ്പു പ്രകാരം ന്യൂസ് ക്ലിക്കിനും പ്രബീർ പുരകായസ്തയ്ക്കുമെതിരെ ഇഡി കേസെടുത്തത്. മൂന്ന് ചൈനീസ് സ്ഥാപനങ്ങളിൽ നിന്നായി 115 കോടിയോളം രൂപ ന്യൂസ് ക്ലിക്കിലേക്കെത്തിയെന്നാണ് ഇഡിയും പൊലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗവും ആരോപിച്ചത്.2023 ഒക്ടോബറിൽ പ്രബീർ പുരകായസ്തയെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കേന്ദ്രസർക്കാരിന്റെയും നിരന്തര വിമർശകനായ പ്രബീർ പുരകായസ്തയെ യുഎപിഎക്കൊപ്പം ക്രിമിനൽ ഗൂഢാലോചന, സമൂഹത്തിൽ സ്പർധ വളർത്തൽ തുടങ്ങിയ കുറ്റങ്ങളും ചുമത്തിയാണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ 2024 മേയിൽ സുപ്രീംകോടതി അറസ്റ്റ് നിയമവിരുദ്ധമാണെന്ന് വിധിച്ച് പ്രബീർ പുരകായസ്തയെ മോചിപ്പിച്ചു.

Similar News