ടൂറിസ്റ്റ് ബസുകളിലെ വെള്ളനിറം മാറ്റാം;സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ ശുപാർശ
തിരുവനന്തപുരം: സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത വെള്ളനിറം നിർബന്ധമാക്കിയ നിയമം മാറ്റാൻ സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി (STA) സർക്കാരിന് ശുപാർശ നൽകി. ബസുകൾക്ക് വീണ്ടും വിവിധ നിറങ്ങൾ (കളർഫുൾ) അനുവദിക്കണമെന്നാണ് ശുപാർശ. സർക്കാർ നിയമത്തിൽ ഭേദഗതി വരുത്തിയ ശേഷമേ ഇത് പ്രാബല്യത്തിൽ വരൂ.നേരത്തെ വെള്ളനിറം വിനോദസഞ്ചാരത്തെ ബാധിക്കുന്നുവെന്ന് പരാതി ഉയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നീക്കം.
. 2022 ഒക്ടോബറിൽ വടക്കാഞ്ചേരി ബസ് അപകടത്തിൽ അഞ്ച് വിദ്യാർഥികൾ ഉൾപ്പടെ ഒൻപതുപേർ മരിച്ചതിന് പിന്നാലെയാണ് ടൂറിസ്റ്റ് ബസുകൾക്ക് വെള്ളനിറം നിർബന്ധമാക്കിയത്. അപകടത്തിന് പിന്നാലെ നടത്തിയ വകുപ്പുതല അന്വേഷണത്തിനൊടുവിലായിരുന്നു ഈ തീരുമാനം.ടൂറിസ്റ്റ് ബസുകളിൽ സിനിമാതാരങ്ങളുടെ പോസ്റ്ററുകളും ബഹുവർണ ചിത്രങ്ങളും ഗ്രാഫിക്‌സുകളും ഉപയോഗിക്കുന്നത് മറ്റു വാഹനങ്ങളിലെ ഡ്രൈവർമാരുടെ ശ്രദ്ധതിരിക്കുകയും അപകടങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നുവെന്ന അന്ന്് അധികൃതർ കണ്ടെത്തിയിരുന്നു. തുടർന്ന്, ബസുകളിലെ അമിത ലൈറ്റുകളും ഗ്രാഫിക്സുകളും സ്പീക്കറുകളും ഒഴിവാക്കാനും തീരുമാനിച്ചിരുന്നു.
വെള്ളനിറം എളുപ്പത്തിൽ മറ്റ് ഡ്രൈവർമാരുടെയും യാത്രക്കാരുടെയും ശ്രദ്ധയിൽപ്പെടുമെന്നതിനാലാണ് തെരഞ്ഞെടുത്തത്. രാത്രിയിലും മറ്റ് വാഹനങ്ങളിലുള്ളവർക്ക് പെട്ടെന്ന് തിരിച്ചറിയാനാകുമെന്ന സൗകര്യം അപകട സാധ്യത കുറയ്ക്കുന്നുവെന്ന് അന്നത്തെ അന്വേഷണത്തിൽ വ്യക്തമായിരുന്നു. പിന്നാലെ എല്ലാ ടൂറിസ്റ്റ് ബസുകൾക്കും വെള്ള നിറമാക്കിയത് വിനോദസഞ്ചാരത്തെ ബാധിക്കുന്നുവെന്ന പരാതിയുമായി ബസ് ഉടമകൾ ഉൾപ്പെടെ രംഗത്തെത്തി.നിലവിലെ നിയന്ത്രണം ടൂറിസ്റ്റ് വാഹനങ്ങളുടെ ആകർഷണീയതയെ ബാധിക്കുന്നുവെന്നും വിനോദസഞ്ചാര മേഖലയെ പ്രതികൂലമായി സ്വാധീനിക്കുന്നുവെന്നുമാണ് ഉയരുന്ന പ്രധാന വിമർശനം. പുതിയ ശുപാർശ അംഗീകരിക്കപ്പെടുകയാണെങ്കിൽ, സുരക്ഷാ മാനദണ്ഡങ്ങൾ നിലനിർത്തിക്കൊണ്ട് ടൂറിസ്റ്റ് ബസുകൾക്ക് കൂടുതൽ വൈവിധ്യമാർന്ന നിറങ്ങൾ ഉപയോഗിക്കാനുള്ള അവസരം ലഭിക്കും. ഇതോടെ ടൂറിസം മേഖലയിലെ വാഹനങ്ങൾക്ക് വീണ്ടും വർണാഭമായ രൂപഭംഗി കൈവരുമെന്ന പ്രതീക്ഷയിലാണ് ബസ് ഓപ്പറേറ്റർമാർ.