ഷിഗെല്ലയിൽ കർശന ജാഗ്രത ;സമ്പര്‍ക്കത്തിലൂടെയും രോഗപ്പകര്‍ച്ച;കൂടുതൽ പരിശോധനാഫലങ്ങള്‍ ഇന്ന്

By :  Devina Das
Update: 2026-06-11 04:49 GMT

കൽപ്പറ്റ: വയനാട്ടിൽ ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ കർശന ജാഗ്രത നിർദേശങ്ങളുമായി ആരോഗ്യവകുപ്പ്. വയനാട് ബത്തേരിയിൽ നിലവിൽ എട്ടുപേർക്ക് രോഗബാധ സ്ഥിതീകരിച്ചു .കൂടുതൽ പേർ രോഗലക്ഷണങ്ങളുമായി ചികിത്സയിലുണ്ട്. ഷിഗെല്ല രോഗബാധ നിയന്ത്രണവിധേയമെന്ന് ആരോഗ്യവകുപ്പ് അറിയിക്കുമ്പോഴും, കൂടുതൽ പേർ ചികിത്സ തേടുന്നതും, രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം കൂടുന്നതും ആശങ്ക ഉണ്ടാക്കുന്നുണ്ട്.വിദഗ്ധ പരിശോധനയ്ക്ക് അയച്ച കൂടുതൽ പരിശോധനാഫലങ്ങൾ ഇന്ന് ലഭിച്ചേക്കും. ആദ്യഘട്ടത്തിൽ 21 പേരുടെ സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതിൽ എട്ടുപേർക്കാണ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. 13 പേരുടെ സാംപിൾ ഫലങ്ങൾ കൂടി വരാനുണ്ട്. സമ്പർക്കത്തിലൂടെ രോഗം പടരുന്നുണ്ടെന്നും ആരോഗ്യവകുപ്പ് സംശയിക്കുന്നുണ്ട്. രോഗവ്യാപനം തടയാൻ വിവിധ വകുപ്പുകൾ പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കിയിട്ടുണ്ട്.

നിലവിൽ 44 പേരാണ് രോഗലക്ഷണങ്ങളുമായി ചികിത്സയിൽ തുടരുന്നത്. 530 ഓളം പേർക്കാണ് രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നത്. ഇതിൽ 27 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗലക്ഷണങ്ങളുണ്ടായതെന്നാണ് സംശയം. ഇതിൽ അന്തിമ പരിശോധനാഫലത്തിനായി കാത്തിരിക്കുകയാണ് ആരോഗ്യവകുപ്പ്. അഞ്ച്, ഏഴ്, എട്ട്, ഒൻപത്, 11 വയസ്സുള്ള പെൺകുട്ടികൾക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. നിലവിൽ രോഗം സ്ഥിരീകരിച്ച എട്ട് കുട്ടികളുടെയും ആരോഗ്യനില തൃപ്തികരമാണ്.

Similar News