ആലിൻ ഷെറിന്റെ പേരിൽ സംസ്ഥാനത്തെ ആദ്യ അവയവമാറ്റ ആശുപത്രി: മുഖ്യമന്ത്രിയുടെ പ്രഖ്യാപനം

The state's first organ transplant hospital to be named after Alin Sherin: Chief Minister's announcement

Update: 2026-02-16 16:49 GMT

പത്തനംതിട്ട: സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായ പത്തുമാസം പ്രായമുള്ള ആലിൻ ഷെറിന്റെ വീട്ടിലെത്തി മുഖ്യമന്ത്രി പിണറായി വിജയൻ ആശ്വാസവും അനുശോചനവും അറിയിച്ചു. ആരോഗ്യമന്ത്രി വീണ ജോർജിനൊപ്പമാണ് അദ്ദേഹം കുടുംബാംഗങ്ങളെ സന്ദർശിച്ചത്.

ആലിന്റെ വേർപാടിലെ വേദനയിൽ ആശ്വാസമേകി, കേരളം ആലിനെ ഒരിക്കലും മറക്കില്ലെന്ന് ഉറപ്പുനൽകി മുഖ്യമന്ത്രി പ്രഖ്യാപനം നടത്തി.

കോഴിക്കോട് സ്ഥാപിക്കുന്ന സംസ്ഥാനത്തെ ആദ്യ ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഇൻസ്റ്റിറ്റ്യൂട്ടിന് (KIOTT) ആലിൻ ഷെറിന്റെ പേര് നൽകുമെന്നാണ് മുഖ്യമന്ത്രി കുടുംബത്തോട് അറിയിച്ചത്. ആരോഗ്യവകുപ്പിന് കീഴിൽ ചേവായൂരിൽ നിർമിക്കുന്ന ഈ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി തന്നെ നിർവഹിച്ചിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിലെ പിഎംഎസ്എസ് വൈ ബ്ലോക്കിൽ താത്കാലികമായി പ്രവർത്തനങ്ങൾ ആരംഭിക്കാനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്.

100-ലധികം കിടക്കകൾ, ഐസിയു, ഡയാലിസിസ് യൂണിറ്റ്, അത്യാധുനിക ഓപ്പറേഷൻ തിയേറ്ററുകൾ തുടങ്ങിയ സൗകര്യങ്ങളോടുകൂടിയാണ് ഈ ഇൻസ്റ്റിറ്റ്യൂട്ട് ഒരുക്കുന്നത്.

ഫെബ്രുവരി 5ന് കോട്ടയം പള്ളത്ത് നടന്ന വാഹനാപകടത്തിലാണ് മല്ലപ്പള്ളി സ്വദേശികളായ അരുൺ എബ്രഹാമിന്റെയും ഷെറിൻ ആൻ ജോണിന്റെയും ഏകമകൾ ആലിൻ ഗുരുതരമായി പരിക്കേറ്റത്. കോട്ടയത്തു നിന്ന് തിരുവല്ലയിലേക്ക് എംസി റോഡ് വഴി കാറിൽ യാത്ര ചെയ്യവേ പള്ളം ബോർമ കവല ജംഗ്ഷന് സമീപം എതിർദിശയിൽ നിന്നെത്തിയ മറ്റൊരു കാർ ഇടിച്ചുകയറിയതാണ് അപകടത്തിന് കാരണമായത്.

Tags:    

Similar News