രാജ്യത്ത് വൈദ്യുതി പ്രതിസന്ധിയുണ്ടെന്ന പ്രചാരണം തെറ്റ് ;കേന്ദ്രസർക്കാർ
ന്യൂഡൽഹി: രാജ്യത്ത് വൈദ്യുതി പ്രതിസന്ധിയുണ്ടെന്ന പ്രചാരണം തെറ്റാണെന്ന് കേന്ദ്ര സർക്കാർ. വൈദ്യുതി പ്രതിസന്ധിയുണ്ടെന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ വ്യാജ പ്രചാരണം നടക്കുന്നുണ്ട്. എന്നാൽ ഇത് അടിസ്ഥാന രഹിതമാണെന്നും പ്രസ് ഇൻഫർമേഷൻ ബ്യൂറോ അറിയിച്ചു.മെയ് രണ്ടിന് രാജ്യത്ത് 229 ജിഗാവാട്ടിന്റെ വൈദ്യുതി ആവശ്യകത ഉണ്ടായിരുന്നു. ഇത് പൂർണ്ണമായും വിതരണം ചെയ്യാൻ സാധിച്ചു. താപനിലയങ്ങളിൽ നിലവിൽ 53.702 ദശലക്ഷം ടൺ കൽക്കരി സ്റ്റോക്കുണ്ട്. ഇത് വൈദ്യുതി ഉൽപ്പാദനത്തിന് ആവശ്യമായതിലും അധികമാണെന്നും പ്രസ് ഇൻഫർമേഷൻ ബ്യൂറോ വ്യക്തമാക്കി.'ഫ്രീക്വൻസി കൺട്രോൾ' സംവിധാനങ്ങൾ ഉപയോഗിച്ച് ഗ്രിഡ് സുരക്ഷിതമായി പ്രവർത്തിക്കുന്നുണ്ട്. തകരാറുകൾ സംഭവിക്കാനുള്ള സാധ്യതകൾ മുൻകൂട്ടി പ്രോട്ടോകോൾ പാലിച്ച് തന്നെയാണ് ഇവയുടെ പ്രവർത്തനമെന്നും പിഐബി അറിയിച്ചു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ കനത്ത ചൂട് മൂലം വൈദ്യുതി ഉപയോഗം വർധിച്ചിട്ടുണ്ട്.ഏപ്രിൽ രണ്ടാമത്തെ ആഴ്ച മുതലാണ് വൈദ്യുത ഉപഭോഗം വർധിക്കാൻ തുടങ്ങിയത്. എന്നാൽ, വേനൽമഴയെത്തിയതോടെ രാജ്യത്തെ ചില മേഖലകളിൽ വൈദ്യുതി ഉപഭോഗം കുറഞ്ഞിട്ടുണ്ടെന്നും പ്രസ് ഇൻഫർമേഷൻ ബ്യൂറോ അറിയിച്ചു