ചരിത്ര യാത്ര തുടരും ;സൗജന്യയാത്രാ പദ്ധതിയുടെ ആദ്യ ടിക്കറ്റ് മുഖ്യമന്ത്രി വി ഡി സതീശൻ കൈമാറി
തിരുവനന്തപുരം: കെഎസ്ആർടിസി ഓർഡിനറി ബസുകളിലെ സൗജന്യ യാത്രാ പദ്ധതി പ്രിയദർശിനിക്ക് ഡബിൾബെല്ലോടെ തുടക്കം. ഇത് ഔദാര്യമല്ലെന്നും അഭിമാനമാണെന്നും മുഖ്യമന്ത്രി വിഡി സീതശൻ. ഇത് കെഎസ്ആർടിയിസിയെ പ്രതിസന്ധിയിലാക്കുന്ന തീരുമാനമല്ലെന്നും ഭാവിയിൽ സർക്കാർ തുകവേണ്ടെന്ന് കെഎസ്ആർടിസി തന്നെ പറയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
'പ്രിയദർശിനി' ബസ് യാത്രാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു വിഡി സതീശൻ.സർക്കാരിനെ സംബന്ധിച്ച് ഇത് അഭിമാനനിമിഷമാണ്. അധികാരത്തിലെത്തിയിട്ട് ഒരു മാസമാകുന്നതിന് മുൻപ് ജനങ്ങൾക്ക് നൽകിയ വാഗ്ദാനം പാലിക്കാൻ പറ്റിയ ചാരിതാർഥ്യത്തിലാണ് താൻ ഇവിടെ നിൽക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സർക്കാർ സ്ത്രീകൾക്ക് നൽകുന്ന ഔദാര്യമല്ല ഇത്. ഈ പദ്ധതിക്ക് സാമൂഹ്യവും സാമ്പത്തികവുമായ പ്രതിഫലനങ്ങൾ ഉണ്ടാക്കാനാകും. സർക്കാരിന്റെ വണ്ടിയിൽ യാത്ര ചെയ്യുകയെന്നത് സ്ത്രീകളെ സംബന്ധിച്ച് അഭിമാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീകൾക്ക് സൗജന്യം നൽകിയാൽ അത് സമ്പാദ്യമാകും. ആ പണം സർക്കാരിന് കിട്ടുമെന്നും എന്നാൽ പുരുഷൻമാർക്ക് സൗജന്യം നൽകിയാൽ ആപണം വീട്ടിലെത്തില്ലെന്നും അത് എവിടെ പോകുമെന്ന് ഏവർക്കും അറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു.സൗജന്യയാത്രമൂലം ഇത്രയും രൂപ മാറ്റിവയ്ക്കാൻ സ്ത്രീകൾക്ക് കഴിയും. അതുപോലും എന്ത് ചെയ്യണമെന്ന് അവർ തീരുമാനിച്ചിട്ടുണ്ട്.
സർക്കാർ 800 കോടിയാണ് ഈ പദ്ധതിക്കായി മുടക്കുന്നത്. കെഎസ്ആർടിസിയെ സാമ്പത്തിക പ്രതിസന്ധിയിലാക്കി ഇത് നിങ്ങൾ ചെയ്‌തോ എന്ന് പറഞ്ഞിട്ടില്ല. കുറച്ചുനാൾ കഴിഞ്ഞ് ഗതാഗതവകുപ്പ് തന്നെ പറയും ഇതിനാവശ്യമായ പണം കെഎസ്ആർടിസി തന്നെ കണ്ടെത്തുമെന്ന്. ഗതാഗതമന്ത്രിയിലും അദ്ദേഹത്തിന്റെ ടീമിലും വിശ്വാസമുണ്ടെന്നും കെഎസ്ആർടിസിയുടെ വരുമാനം വർധിപ്പിക്കാനുള്ള പദ്ധതികൾ തുടങ്ങുമെന്നും സതീശൻ പറഞ്ഞു.
പരിപാടിയിൽ മന്ത്രി സി.പി.ജോൺ അധ്യക്ഷത വഹിച്ചു. ഉദ്ഘാടനശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളും ബസിൽ യാത്ര ചെയ്തു തമ്പാനൂർ സെൻട്രൽ ബസ് സ്റ്റേഷനിൽനിന്നു സെക്രട്ടേറിയറ്റ് വരെയാണു യാത്ര. സംസ്ഥാനത്തെ എല്ലാ ഡിപ്പോകളിലും ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പ്രാദേശികതല ഉദ്ഘാടനങ്ങളും നടന്നു.