'വനിതാ സംവരണമല്ല, മണ്ഡലപുനര്‍നിര്‍ണയമാണ് കേന്ദ്രത്തിന്റെ ലക്ഷ്യം; രൂക്ഷ വിമര്‍ശനവുമായി സോണിയ ഗാന്ധി

By :  Devina Das
Update: 2026-04-13 07:30 GMT

ന്യൂഡൽഹി: കേന്ദ്രസർക്കാർ ഈ ആഴ്ച വിളിച്ചുചേർത്തിരിക്കുന്ന പ്രത്യേക പാർലമെന്റ് സമ്മേളനത്തിന്റെ യഥാർത്ഥ ലക്ഷ്യം വനിതാ സംവരണമല്ലെന്നും മണ്ഡലപുനർനിർണ്ണയമാണെന്നും കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി. 'ഹിന്ദു' പത്രത്തിൽ എഴുതിയ ലേഖനത്തിലാണ് കേന്ദ്രസർക്കാരിന്റെ നീക്കങ്ങൾക്കെതിരെ അവർ കടുത്ത വിമർശനം ഉന്നയിച്ചത്. അനൗദ്യോഗികമായി ലഭ്യമായ വിവരങ്ങൾ പ്രകാരം സർക്കാരിന്റെ മണ്ഡല പുനർനിർണ്ണയ പദ്ധതി അങ്ങേയറ്റം അപകടകരവും ഭരണഘടനയ്ക്ക് നേരെയുള്ള ആക്രമണവുമാണെന്ന് സോണിയ ഗാന്ധി പറഞ്ഞു.സ്ത്രീ സംവരണ ബില്ലിലെ ഭേദഗതിക്ക് പിന്തുണ തേടി പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ കക്ഷികൾക്കും കത്തയച്ചതിന് പിന്നാലെയാണ് ഈ പ്രതികരണം. നിയമനിർമാണ സഭകളിൽ സ്ത്രീകൾക്ക് മൂന്നിലൊന്ന് സംവരണം നൽകുന്ന നാരീശക്തി വന്ദൻ അധിനിയം 2023-ൽ പാർലമെന്റ് പാസാക്കിയിരുന്നു. തമിഴ്നാട്ടിലും പശ്ചിമ ബംഗാളിലും തെരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരിക്കൊണ്ടിരിക്കുമ്പോഴാണ് സഭയുടെ പ്രത്യേക സമ്മേളനത്തിൽ ബില്ലുകൾ ബലമായി പാസാക്കാൻ പ്രധാനമന്ത്രി പ്രതിപക്ഷത്തിന്റെ പിന്തുണ തേടുന്നതെന്ന് സോണിയ ഗാന്ധി പറഞ്ഞു. ഈ അസാധാരണ ധൃതിക്ക് പിന്നിൽ ഒരേയൊരു കാരണമേയുള്ളൂ, അത് രാഷ്ട്രീയ നേട്ടം കൊയ്യുക എന്നതും പ്രതിപക്ഷത്തെ പ്രതിരോധത്തിലാക്കുക എന്നതുമാണ്. പ്രധാനമന്ത്രി പതിവുപോലെ സത്യം മറച്ചുവെക്കുകയാണെന്നും സോണിയാ ഗാന്ധി പറഞ്ഞു.

സ്ത്രീ സംവരണ ബില്ലിനെ സെൻസസുമായി ബന്ധിപ്പിച്ചത് കേന്ദ്രസർക്കാരാണ്. പ്രതിപക്ഷം ഇത്തരമൊരു നിബന്ധന ആവശ്യപ്പെട്ടിരുന്നില്ല. വാസ്തവത്തിൽ, 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പ് മുതൽ തന്നെ സംവരണം നടപ്പിലാക്കണമെന്ന് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ ശക്തമായി ആവശ്യപ്പെട്ടിരുന്നു. എന്നാൽ സർക്കാർ അതിന് സമ്മതിച്ചില്ലെന്നും അവർ വ്യക്തമാക്കി.

Similar News