രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യത്തില്‍ ഇടപെടുന്നില്ലെന്ന് സുപ്രീംകോടതി
ന്യൂഡൽഹി: ആദ്യ ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യത്തിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീംകോടതി. അതേസമയം ബലാത്സംഗക്കേസിലെ പരാതിക്കാരിക്കെതിരായ ഹൈക്കോടതി പരാമർശത്തിലെ ചില ഭാഗങ്ങൾ സുപ്രീംകോടതി നീക്കി. രാഹുലിന് മുൻകൂർ ജാമ്യം അനുവദിച്ച ഹൈക്കോടതി വിധിയിൽ ഇപ്പോൾ ഇടപെടുന്നില്ലെന്നും ജസ്റ്റിസ് എംഎം സുന്ദരേശും ജസ്റ്റിസ് എൻ കെ സിങ്ങും അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആദ്യ ബലാത്സംഗക്കേസിലെ പരാതിക്കാരിയാണ് സുപ്രീം കോടതിയെ സമീപിച്ചത്. കേസിൽ ഹൈക്കോടതി അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. ഹൈക്കോടതി വിധിയിൽ ഇടപെടാൻ ഇപ്പോൾ താൽപ്പര്യപ്പെടുന്നില്ലെന്ന് ജസ്റ്റിസ് എംഎം സുന്ദരേശിന്റെ ബെഞ്ച് അറിയിച്ചു. ഹർജിയിൽ വിശദമായ വാദം കേൾക്കൽ നടന്നില്ല.തുടർന്ന് രാഹുലിന് മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഹൈക്കോടതി വിധിയിലെ ചില ഭാഗങ്ങൾ പരാതിക്കാരിയെ സംബന്ധിച്ചിടത്തോളം ദോഷം ചെയ്യുന്നതാണെന്നും, അത് നീക്കണമെന്നും പരാതിക്കാരിക്കുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകനായ പി വി ദിനേശനും കെ ആർ സുഭാഷ് ചന്ദ്രനും ആവശ്യപ്പെട്ടു. അഞ്ചോളം ഖണ്ഡികകളിലെ പരാമർശങ്ങളാണ് അഭിഭാഷകർ ചൂണ്ടിക്കാട്ടിയത്. തുടർന്ന് ഹൈക്കോടതിയുടെ പരാമർശങ്ങൾ നീക്കംചെയ്തതായി സുപ്രീം കോടതി വ്യക്തമാക്കി.