'അനുമതിയില്ലാതെ മാധ്യമങ്ങളോട് സംസാരിച്ചു'; ഡോ. ബി അശോകിന് സസ്‌പെൻഷൻ

By :  Devina Das
Update: 2026-04-30 05:07 GMT

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നയങ്ങളെ പരസ്യമായി വിമർശിച്ചതിന് കാർഷിക സർവകലാശാല വൈസ് ചാൻസലർ ഡോ. ബി അശോകിന് സസ്‌പെൻഷൻ. അനുമതിയില്ലാതെ മാധ്യമങ്ങളോട് സംസാരിച്ചതിനെത്തുടർന്നാണ് നടപടി സ്വീകരിച്ചതെന്ന് ചീഫ് സെക്രട്ടറി ഇറക്കിയ ഉത്തരവിൽ പറയുന്നു. എന്നാൽ, സർക്കാർ മാറുന്ന സമയം ആയതിനാൽ തത്കാലം നിയമനടപടിക്കില്ലെന്നാണ് ബി അശോകിന്റെ പ്രതികരണം.സർക്കാരിന്റെ വികസന നേട്ടങ്ങളെയും ഭരണപരമായ തീരുമാനങ്ങളെയും ചോദ്യം ചെയ്ത് കൊണ്ട് ബി അശോക് പരസ്യ പ്രസ്താവനകൾ നടത്തി. ഇത് സർക്കാരിന്റെ പ്രവർത്തനങ്ങളുടെ വിശ്വാസ്യതയെ തകർക്കുന്ന നീക്കമാണ്. ഒരു ഐഎഎസ് ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നും ഇത്തരം പ്രതികരണങ്ങൾ വരുന്നത് ചട്ടലംഘനമാണെന്ന് വിലയിരുത്തിയാണ് ചീഫ് സെക്രട്ടറി സസ്‌പെൻഷൻ ഉത്തരവ് പുറത്തിറക്കിയത്.നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പല മാധ്യമങ്ങളിലും സർക്കാർ നയങ്ങളെ വിമർശിക്കുന്ന തരത്തിൽ ബി അശോക് സംസാരിച്ചിരുന്നു. ഇതാണ് നടപടിക്ക് കാരണമെന്നാണ് സൂചന. നിലവിൽ കാർഷിക സർവകലാശാല വൈസ് ചാൻസലർ പദവിക്ക് പുറമെ, സൈനിക ക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, യുവജനക്ഷേമ വകുപ്പ് സെക്രട്ടറി എന്നീ നിർണായക ചുമതലകളും നിർവഹിച്ച് വരുകയായിരുന്നു ബി അശോക് ഐഎഎസ്.

Similar News