ശബരിമല സ്വർണക്കൊള്ള കേസ്: എസ്‌ഐടി വീണ്ടും സന്നിധാനത്ത്
SIT begins fresh inspection at Sannidhanam after Kerala High Court intervention in Sabarimala Gold Theft Case
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) വീണ്ടും വിശദമായ പരിശോധന നടത്തുന്നു. സ്വർണപ്പാളികളിലെ തട്ടിപ്പിന്റെ പൂർണ വ്യാപ്തി കണ്ടെത്തുന്നതിനായി ഹൈക്കോടതി നിർദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ സാംപിൾ ശേഖരണം.
സ്വർണപ്പാളികളിലെ സ്വർണത്തിന്റെ അളവും ശുദ്ധതയും സ്ഥിരീകരിക്കാൻ സാംപിളുകൾ ശേഖരിച്ച് ഭാഭാ അറ്റോമിക് റിസർച്ച് സെന്ററിലേക്ക് അയക്കാനുള്ള സാധ്യത പരിഗണിച്ചാണ് ഹൈക്കോടതി അനുമതി നൽകിയത്. ഇതിന്റെ ഭാഗമായി ഇന്ന് ദ്വാരപാലക പാളികൾ അഴിച്ച് സാംപിൾ എടുക്കുന്നുണ്ട്. ശ്രീകോവിലിന്റെ പിന്നിലുള്ള ഭിത്തി ഭാഗങ്ങളും പരിശോധനയ്ക്ക് വിധേയമാക്കി. ശ്രീകോവിലിലെ നാല് തൂണുകൾ ഇളക്കി പ്രത്യേകം തയ്യാറാക്കിയ മുറിയിലാണ് പരിശോധന നടക്കുന്നത്.
അതേസമയം, സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കട്ടിളപ്പാളി കേസിൽ തിരുവാഭരണം മുൻ കമ്മീഷണർ കെ.എസ്. ബൈജുവിന് കൊല്ലം വിജിലൻസ് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചു. 90 ദിവസത്തെ റിമാൻഡ് പൂർത്തിയായതിനെ തുടർന്നാണ് ജാമ്യം ലഭിച്ചത്. എന്നാൽ ദ്വാരപാലക കേസിൽ റിമാൻഡിൽ തുടരുന്നതിനാൽ ബൈജു പുറത്തിറങ്ങില്ല. ഈ മാസം 25-ന് ദ്വാരപാലക കേസിൽ സ്വാഭാവിക ജാമ്യ ഹർജി സമർപ്പിക്കുമെന്നാണ് അറിയുന്നത്.
കേസിൽ ഇതുവരെ അഞ്ച് പ്രതികൾ ജാമ്യം നേടി പുറത്തിറങ്ങിയിട്ടുണ്ട്. ഇതിൽ നാല് പേർക്ക് സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്. ദേവസ്വം ബോർഡ് മുൻ അംഗം കെ.പി. ശങ്കരദാസിനെ 14 ദിവസത്തേക്ക് കൂടി റിമാൻഡ് ചെയ്തു.