കോഴിക്കോട് ഷിഗെല്ല ഭീഷണി ;34 പേര്‍ക്ക് രോഗലക്ഷണങ്ങള്‍, കൂടുതല്‍ സാംപിളുകള്‍ പരിശോധനയ്ക്ക് അയക്കും

By :  Devina Das
Update: 2026-03-22 07:02 GMT

കോഴിക്കോട്: പെരുവയൽ ഗ്രാമപഞ്ചായത്തിലെ എരഞ്ഞിക്കലിൽ കൂടുതൽ പേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. കഴിഞ്ഞദിവസം നടത്തിയ സാംപിൾ പരിശോധനയിൽ 12 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചതായി ആരോഗ്യ വിഭാഗം. പെരുവയൽ പഞ്ചായത്തിലെ കുറ്റിക്കാട്ടൂർ ആനക്കുഴിക്കര ഭാഗത്ത് ഷിഗെല്ല ബാധിച്ച് അങ്കണവാടി വിദ്യാർഥി (മൂന്നര വയസ്സ്) മരിച്ച സാഹചര്യത്തിലാണ് രോഗലക്ഷണം കണ്ടെത്തിയവരിൽ നിന്ന് സാംപിളുകൾ ശേഖരിച്ചത്. നേരത്തേ രോഗം സ്ഥിരീകരിച്ചവരുടെ ബന്ധുക്കളിൽ ആണ് കൂടുതലും രോഗലക്ഷണങ്ങൾ കണ്ടത്. 34 പേർക്കാണ് രോഗലക്ഷണങ്ങൾ ഉള്ളത്.

കൂടുതൽ പേർക്ക് ഷിഗെല്ല സ്ഥിരീകരിച്ച സാഹചര്യത്തിൽ പെരുവയൽ ഗ്രാമപഞ്ചായത്തിന്റെയും ആരോഗ്യ വിഭാഗത്തിന്റെയും നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. രോഗം സ്ഥിരീകരിച്ച പൂവാട്ടുപറമ്പ് എരഞ്ഞിക്കൽ ഭാഗത്തും പരിസര പ്രദേശങ്ങളിലുമാണ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമായി നടക്കുന്നത്.നേരത്തേ രോഗം ബാധിച്ചു മരിച്ച കുട്ടി ഉൾപ്പെടെ നാല് പേർക്കായിരുന്നു രോഗം സ്ഥിരീകരിച്ചിരുന്നത്. ഇതിൽ രണ്ടു കുട്ടികൾ മെഡിക്കൽ കോളജ് ആശുപത്രിയിലും ഒരു കുട്ടി സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. അതിനുശേഷം നടത്തിയ പരിശോധനയിലാണ് മറ്റ് പന്ത്രണ്ട് പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ മറ്റ് ചിലരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരുടെ സാംപിളുകൾ ശേഖരിച്ച് പരിശോധന നടത്തുമെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു.

വയറിളക്കം, പനി, വയറുവേദന, ഛർദി, ക്ഷീണം, രക്തം കലർന്ന മലം എന്നിവയാണ് ഷിഗെല്ലയുടെ ലക്ഷണങ്ങൾ. ഷിഗെല്ല ബാക്ടീരിയ പ്രധാനമായും കുടലിനെ ബാധിക്കുന്നതിനാലാണ് രക്തക്കലർപ്പ് ഉണ്ടാകുന്നത്. ശരീരവേദനയോടു കൂടിയ പനി, തലവേദന, ക്ഷീണം, ഓക്കാനം തുടങ്ങിയ ലക്ഷണങ്ങൾ ഉള്ളവർ ഉടൻ തന്നെ ചികിത്സ തേടേണ്ടതാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.

Similar News