ഗുരുതര വീഴ്ച: അഭിഷേക തേൻ ഫോമിക് ആസിഡ് കണ്ടെയ്നറുകളിലെത്തി
Serious lapse: Honey for Abhishekam brought in formic acid containers
പത്തനംതിട്ട: ശബരിമല സന്നിധാനത്ത് വഴിപാടിനും അഭിഷേകത്തിനും ഉപയോഗിക്കുന്ന തേൻ വിതരണത്തിൽ ഗുരുതര വീഴ്ചയെന്ന് കണ്ടെത്തൽ. പൊതുമേഖലാ സ്ഥാപനമായ റയ്ഡ്കോയാണ് തേൻ എത്തിച്ചത്. എന്നാൽ അത് ഫോമിക് ആസിഡ് (ചിതൽ ആസിഡ്) സൂക്ഷിക്കുന്ന കണ്ടെയ്നറുകളിലായിരുന്നു എത്തിച്ചത്.
ദേവസ്വം ബോർഡിന്റെ വിജിലൻസ് വിഭാഗമാണ് ഈ ഗുരുതര വീഴ്ച കണ്ടെത്തിയത്. വിജിലൻസിന്റെ റിപ്പോർട്ട് ലഭിച്ചയുടൻ തേൻ ഉപയോഗിക്കാതെ പൂർണമായും മാറ്റിവെച്ചു. നിലവിൽ പഴയ സ്റ്റോക്കിലുള്ള തേനാണ് അഭിഷേകത്തിനും മറ്റ് ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നത്.
പമ്പയിലെ ഭക്ഷ്യസുരക്ഷാ ലാബിൽ പരിശോധന നടത്തിയ ശേഷമാണ് സാധാരണയായി ഭക്ഷ്യവസ്തുക്കൾ സന്നിധാനത്തേക്ക് അയക്കാറുള്ളത്. എന്നിട്ടും ഈ കണ്ടെയ്നറുകൾ പരിശോധനയിൽ നിന്ന് രക്ഷപ്പെട്ടത് ഭക്ഷ്യസുരക്ഷാ ലാബിന്റെ ഗുരുതര വീഴ്ച മൂലമാണെന്ന് വിജിലൻസ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
സംഭവത്തിൽ റയ്ഡ്കോയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയതായി ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ ഒ. ജി. ബൈജു അറിയിച്ചു. മറുപടി ലഭിച്ച ശേഷം കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ആഴ്ച നടന്ന വിജിലൻസ് പരിശോധനയിലാണ് വീഴ്ച പുറത്തറിഞ്ഞത്. നിലവിൽ സമർപ്പിച്ചിരിക്കുന്നത് പ്രാഥമിക റിപ്പോർട്ട് മാത്രമാണ്; കണ്ടെയ്നറുകളിൽ കൂടുതൽ വിശദ പരിശോധന തുടരും.