കര്‍ണാടക കുടകില്‍ ട്രക്കിങ്ങിനിടെ കാണാതായ ശരണ്യയ്ക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജ്ജം

By :  Devina Das
Update: 2026-04-05 06:15 GMT

ബംഗളൂരു: കർണാടകയിലെ കുടകിൽ ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് നാദാപുരം സ്വദേശിയായ ശരണ്യയ്ക്ക് വേണ്ടിയുള്ള തിരച്ചിൽ ഇന്നും ഊർജ്ജിതമായി തുടരുന്നു . ശരണ്യയെ കാണാതായിട്ട് ഇന്നേക്ക് നാലുദിവസം ആയിരിക്കുകയാണ് .ഇതുവരെ ഒരു വിവരവും ലഭിക്കാത്ത സാഹചര്യത്തിൽ തിരച്ചിൽ ഊർജ്ജിതമാക്കാൻ തീരുമാനിച്ചിരിക്കുകയാണ് വനംവകുപ്പും പൊലീസും. ഇതിനായി കൂടുതൽ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. ആധുനിക സാങ്കേതികവിദ്യയുടെ സഹായം അടക്കം തേടി തിരച്ചിൽ ഊർജ്ജിതമാക്കി ഇന്ന് തന്നെ ശരണ്യയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ. ഇന്ന് ശുഭവാർത്ത കേൾക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കൾ.യുവതിയെ രണ്ടാം തീയതി ഉച്ചമുതലാണ് കാണാതായത്. എറണാകുളത്ത് സോഫ്ട്‍വെയർ എൻജിനീയറായ ശരണ്യ (36) തനിച്ചാണ് കുടകിലെത്തിയത്. യുവതിയെ വ്യാഴാഴ്ച മുതലാണ് കാണാതായത്. കുടകിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ തടിയൻഡമോൾ കയറാനെത്തിയതായിരുന്നു ശരണ്യ. ഇതിന്റെ മുകളിൽ എത്തിയാൽ കുടകിന്റെ ഭംഗി പൂർണമായി ആസ്വദിക്കാൻ കഴിയും എന്നതിനാൽ നിരവധിപ്പേരാണ് ഓരോ ദിവസവും ഇവിടെ എത്തുന്നതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. ഇത് ആദ്യമായിട്ടാണ് ഇവിടെ ട്രക്കിങ്ങിനിടെ ഒരാളെ കാണാതാവുന്നതെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.

ഏപ്രിൽ 2ന് ഒറ്റയ്ക്കാണ് കൊച്ചിയിൽ നിന്ന് ശരണ്യ കുടകിലെത്തിയത്. നാപ്പോക്ലുവിനടുത്തുള്ള യാവകപാടി ഗ്രാമത്തിലെ ഹോംസ്റ്റേയിലാണ് താമസിച്ചിരുന്നത്. അന്നേദിവസം രാവിലെ 8:15-ഓടെ വനംവകുപ്പിന്റെ അനുമതി വാങ്ങിയാണ് ട്രക്കിങ് ആരംഭിച്ചത്. കാട്ടാന ശല്യമുള്ളതിനാൽ മറ്റ് 10 പേർ അടങ്ങുന്ന സംഘത്തിനൊപ്പം പോകാൻ ശരണ്യയോട് വനംവകുപ്പ് ഉദ്യോഗസ്ഥർ നിർദ്ദേശിച്ചിരുന്നു. വൈകുന്നേരം നാല് മണിയോടെ സംഘം തിരിച്ചെത്തിയെങ്കിലും ശരണ്യ ഒപ്പമുണ്ടായിരുന്നില്ല. തനിക്ക് വഴിതെറ്റിയതായി ശരണ്യ ഹോംസ്റ്റേ ജീവനക്കാരെ ഫോണിലൂടെ അറിയിച്ചിരുന്നു. എന്നാൽ പിന്നീട് ഫോൺ സിഗ്‌നൽ നഷ്ടപ്പെട്ടു. ഫോൺ സ്വിച്ച് ഓഫ് ആവുകയും ചെയ്തു.പൊലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും അടക്കം 60 പേരാണ് തിരച്ചിൽ നടത്തുന്നത്. അഞ്ച് സംഘങ്ങളായി തിരിച്ചാണ് തിരച്ചിൽ നടക്കുന്നത്. ഡ്രോണുകളും സ്‌നിഫർ നായകളെയും ഉപയോഗിച്ച് വനത്തിന് അകത്തും മറ്റ് വഴികളിലും പരിശോധന നടത്തുന്നുണ്ട്. കനത്ത കാടും പ്രതികൂലമായ കാലാവസ്ഥയും തിരച്ചിലിന് വെല്ലുവിളിയാകുന്നുണ്ട്. അതേസമയം ശരണ്യയുടെ സഹോദരൻ കുടകിലെത്തിയിട്ടുണ്ട്.

Similar News