ശബരിമല സ്വര്‍ണക്കൊള്ളക്കേസ് പ്രതി മുരാരി ബാബു അന്തരിച്ചു

By :  Devina Das
Update: 2026-06-13 04:46 GMT

കൊച്ചി: ശബരിമല സ്വർണക്കൊള്ളകേസിലെ പ്രതിയായ ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു (54) അന്തരിച്ചു. അർബുദ ബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. മൂന്ന് മാസമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു.

മാസങ്ങൾക്ക് മുൻപാണ് കേസിൽ അദ്ദേഹം ജാമ്യത്തിലിറങ്ങിയത്. ദ്വാരപാലക ശിൽപ്പ പാളി കേസിലും കട്ടിളപ്പാളി കേസിലും പ്രതിയാണ് മുരാരി ബാബു. കേസിൽ ജാമ്യം കിട്ടി പുറത്തിറങ്ങിയ ആദ്യത്തെ പ്രതിയാണ് മുരാരി ബാബു. അറസ്റ്റിലായി 90 ദിവസങ്ങൾക്ക് ശേഷമാണ് മുരാരി ബാബുവിന് കൊല്ലം വിജിലൻസ് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചത്.സാധാരണ കുടുംബത്തിലാണ് മുരാരി ബാബു ജനിച്ചത്. സിഐടിയു നിയന്ത്രണത്തിലുള്ള തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് കോൺഫെഡറേഷൻ അംഗമായിരുന്നു. ചങ്ങനാശേരി പെരുന്നയിൽ ചെറിയ കടയായിരുന്നു മുരാരി ബാബുവിന്റെ പിതാവിന്. ദേവസ്വം ബോർഡിൽ ജോലി കിട്ടിയശേഷം വലിയ സമ്പാദ്യം മുരാരിക്കുണ്ടായതായാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

പൊലീസ് ജോലി ഉപേക്ഷിച്ചാണ് മുരാരി ബാബു തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ജീവനക്കാരനായത്. 1994 ലാണ് പൊലീസിൽ ജോലി കിട്ടിയത്. കോൺസ്റ്റബിളായി കണ്ണൂരിലായിരുന്നു ആദ്യ പരിശീലനം. പരിശീലനം പൂർത്തിയാക്കിയില്ല. 1997ലാണു ദേവസ്വം ബോർഡിൽ ജീവനക്കാരനായത്. ദേവസ്വം ബോർഡിലെ ഉയർന്ന പദവിയിലിരുന്ന ആളിന്റെ സഹായിയായാണ് തുടക്കം. പിന്നീട് ഏറ്റുമാനൂർ ക്ഷേത്രത്തിൽ ക്ലർക്കായി സ്ഥിര നിയമനം നൽകി.വൈക്കം, ഏറ്റുമാനൂർ, തിരുനക്കര എന്നിവിടങ്ങളിലെ ഉത്സവങ്ങൾക്ക് 'സ്‌പെഷൽ ഓഫിസർ' തസ്തികയിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2019 ൽ ശബരിമലയിലെ കട്ടിളപ്പാളി, ദ്വാരപാലക ശിൽപങ്ങൾ എന്നിവയിലെ സ്വർണം പൊതിഞ്ഞ പാളികൾ പുറത്തു കടത്തി സ്വർണം കവർന്ന കേസുകളിലാണ് മുരാരി ബാബുവിനെ അറസ്റ്റ് ചെയ്തത്. കേസിലെ രണ്ടാം പ്രതിയാണ്. സ്വർണപ്പാളി ചെമ്പാണെന്ന രേഖ ആദ്യം തയാറാക്കിയതു മുരാരി ബാബുവാണ്. താൻ എഴുതി നൽകിയാൽ മാത്രം കാര്യങ്ങൾ തീരുമാനമാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡന്റും ദേവസ്വം കമ്മിഷണറുമൊക്കെ അനുമതി നൽകാതെ ഒരു പ്രവൃത്തിയും നടക്കില്ലെന്നുമാണു മുരാരിയുടെ മൊഴി.

Similar News